വൈദേശികാധിപത്യത്തിനെതിരായ പോരാട്ടത്തില്‍   വലിയ സംഭാവന നല്‍കിയ മണ്ണാണ് വയനാടെന്ന് വനം-വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍. കല്‍പ്പറ്റ എസ്.കെ.എം.ജെ സ്‌ക്കൂള്‍ ഗ്രൗണ്ടില്‍  നടന്ന സ്വാതന്ത്ര്യ ദിനാഘോഷത്തില്‍ പതാക ഉയര്‍ത്തി അഭിവാദ്യം സ്വീകരിച്ച ശേഷം സ്വാതന്ത്ര്യ ദിന സന്ദേശം നല്‍കി സംസാരിക്കുകയായിരുന്നു അദ്ദേഹം.

നമ്മുടെ രാജ്യം സ്വാതന്ത്ര്യത്തിന്റെ 77-ാം വാര്‍ഷികം ആഘോഷിക്കുന്ന  ദിനമാണിന്ന്. ഈ സുദിനത്തില്‍  രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന്റെ  പൊന്‍പുലരി നമുക്കായി നേടി തന്ന ധീരദേശാഭിമാനികളുടെ  ജ്വലിക്കുന്ന സ്മരണകള്‍   മതേതരത്വവും ജനാധിപത്യവും  സംരക്ഷിക്കുന്നതിനുള്ള നമ്മുടെ പോരാട്ടങ്ങള്‍ക്ക് ഊർജം പകരുമെന്നും മന്ത്രി പറഞ്ഞു.

വിദ്യാഭ്യാസമാണ് നാടിന്റെ പുരോഗതിയുടെ താക്കോല്‍.  ശക്തവും പ്രബുദ്ധവുമായ ഇന്ത്യയുടെ അടിത്തറ പാകുന്നത് നമ്മുടെ  ക്ലാസ് മുറികളിലാണ്.  വിദ്യാഭ്യാസ മേഖലയിൽ വലിയ മൂന്നേറ്റമാണ്  നമ്മുടെ സംസ്ഥാനത്ത് ഉണ്ടായിരിക്കുന്നത്. പൊതു വിദ്യാഭ്യാസ  സംരക്ഷണ യജ്ഞത്തിലൂടെ പൊതുവിദ്യാലയങ്ങളെ മികവിന്റെ  കേന്ദ്രങ്ങളാക്കി മാറ്റാന്‍ നമുക്ക് സാധിച്ചു. ആരോഗ്യം, കാര്‍ഷികം,  വിവര സാങ്കേതികം എന്നിങ്ങനെ എല്ലാ മേഖലയിലും വലിയ  മാറ്റങ്ങളാണ് സംസ്ഥാനത്ത് നടക്കുന്നതെന്നും മന്ത്രി പറഞ്ഞു.ചെയ്ത്് എല്ലാവര്‍ക്കും  സ്വാതന്ത്ര്യ ദിനാശംസകള്‍ നേര്‍ന്നാണ് മന്ത്രി പ്രസംഗം അവസാനിപ്പിച്ചത്.

പരേഡില്‍ 30 പ്ലാറ്റൂണുകള്‍ അണിനിരന്നു. പോലീസ്, എക്‌സൈസ്, വനം, സ്‌ക്കൗട്ട് ആന്റ് ഗൈഡ്‌സ്, എസ്.പി.സി, എന്‍.സി.സി പ്ലാറ്റൂണുകള്‍ അണിനിരന്നു.  സ്വതന്ത്ര്യ ദിനാഘോഷ ചടങ്ങില്‍ കണിയാമ്പറ്റ ചില്‍ഡ്രന്‍സ് ഹോം, കല്‍പ്പറ്റ എസ്.കെ.എം.ജെ. എച്ച്.എസ്.എസ്, മാനന്തവാടി ബി.ആര്‍.സി, കണിയാമ്പറ്റ ജി.എം.ആര്‍.എസ് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ സാംസ്‌കാരിക പരിപാടികള്‍ അവതരിപ്പിച്ചു.

ലഹരിവിരുദ്ധ ബോധവല്‍ക്കരണ പരിപാടികളുടെ ഭാഗമായി കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കുന്ന നശാമുക്ത് ഭാരത് അഭിയാന്‍ ജില്ലയില്‍ വ്യാപിപ്പിക്കുന്നതിന്റെ ജില്ലാതല പ്രഖ്യാപനം ജില്ലാ കളക്ടര്‍ ഡോ. രേണു രാജ്  നിര്‍വഹിച്ചു.

എം.എല്‍ എ മാരായ അഡ്വ. ടി. സിദ്ധീഖ്, ഒ. ആര്‍ കേളു, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷംസാദ് മരക്കാര്‍, കല്‍പറ്റ നഗരസഭാ ചെയര്‍മാന്‍ മുജീബ് കേയംതൊടി, പ്രശസ്ത സിനിമാ നടന്‍ അബു സലിം, എ.ഡി.എം എന്‍. ഐ.ഷാജു, ജില്ലാ പൊലീസ് മാധാവി പദം സിങ്, സ്വാതന്ത്ര്യ സമര സേനാനികളുടെ കുടുംബാംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.