സ്വാതന്ത്ര്യത്തിന്റെ 75-ാമത് വാർഷിക ആഘോഷങ്ങളുടെ സമാപനത്തിന്റെ ഭാഗമായി പ്രഖ്യാപിച്ചിട്ടുള്ള മേരി മാട്ടി മേരാദേശ് (എന്റെ മണ്ണ് എന്റെ ദേശം) ക്യാംപയിന് കോതമംഗലം താലൂക്കിലെ വാരപ്പെട്ടി പഞ്ചായത്തിൽ തുടക്കമായി. ക്യാംപയിന്റെ ഭാഗമായി പാതയോരങ്ങൾ പൊതുയിടങ്ങൾ എന്നിവ മനോഹരമാക്കുന്നതിനുള്ള പദ്ധതിക്കാണ് പഞ്ചായത്ത് തുടക്കമിട്ടുള്ളത്.

ആദ്യഘട്ടമെന്ന നിലയിൽ കൊച്ചി – ധനുഷ്കോടി ദേശീയ പാതയെയും കക്കടാശേരി കാളിയാർ റോഡിനെയും ബന്ധിപ്പിക്കുന്ന പഞ്ചായത്തിലെ പ്രധാന പാതയായ കോതമംഗലം – അഞ്ചൽ പെട്ടി റോഡിന്റെ ഓരങ്ങളിലാണ് പദ്ധതിക്ക് തുടക്കമിട്ടത്. ഈ പാതയുടെ കോഴിപ്പിള്ളി പാലം മുതൽ അഞ്ചൽപ്പെട്ടി പാലം വരെയുള്ള ഭാഗത്താണ് പാതയോരങ്ങളിൽ പൂച്ചെടികളും ഫലവൃക്ഷങ്ങളും നട്ടു സംരക്ഷിച്ച് സൗന്ദര്യവൽക്കരണം നടത്തി മനോഹരമാക്കുന്നത്.

കോഴിപ്പിള്ളി പാലത്തിന് സമീപം പാതയോരത്ത് വൃക്ഷത്തൈകളും പൂച്ചെടികളും നട്ടു കൊണ്ട് പഞ്ചായത്ത് നടപ്പാക്കുന്ന ശുചിത്വ-മാലിന്യ പരിപാലന പദ്ധതികളുടെ ഉദ്ഘാടനം ആന്റണി ജോൺ എം.എൽ.എ നിർവഹിച്ചു.

ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് പി.കെ ചന്ദ്രശേഖരൻ നായർ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു ശശി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഡയാന നോബി, നിസാ മോൾ ഇസ്മായിൽ, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ എം.എസ് ബെന്നി, ദീപ ഷാജു, കെ.എം സെയ്ത്, പഞ്ചായത്ത് അംഗങ്ങളായ കെ.കെ ഹുസൈൻ, ബേസിൽ യോഹന്നാൻ, എയ്ഞ്ചൽ മേരി ജോബി, ദിവ്യ സലി, പി.പി കുട്ടൻ, ഷജി ബ്ലസി, പഞ്ചായത്ത് സെക്രട്ടറി എം.എം ഷംസുദീൻ, സി.ഡി.എസ് ചെയർ പേഴ്സൺ ധന്യ സന്തോഷ്, കോഴിപ്പിള്ളി സഹകരണ ബാങ്ക് പ്രസിഡന്റ് ആൻസി പോൾ, പഞ്ചായത്ത് ആസൂത്രണ സമിതി ഉപാധ്യക്ഷൻ റഹിം ചെന്താര തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.