ജില്ലാതല സ്വാതന്ത്ര്യദിനാഘോഷം

മതേതരത്വ ജനാധിപത്യ മൂല്യങ്ങളെ ഉയര്‍ത്തിപ്പിടിച്ച് രാജ്യത്തിന്റെ വളര്‍ച്ചയില്‍ പങ്കാളികളാകണമെന്ന് ദേവസ്വം, പട്ടികജാതി-പട്ടികവര്‍ഗ്ഗ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണന്‍ പറഞ്ഞു. കാക്കനാട് കളക്ടറേറ്റ് പരേഡ് ഗ്രൗണ്ടില്‍ നടന്ന എറണാകുളം ജില്ലാതല സ്വാതന്ത്ര്യദിനാഘോഷത്തില്‍ ദേശീയ പതാക ഉയര്‍ത്തി സ്വാതന്ത്ര്യദിന സന്ദേശം നല്‍കുകയായിരുന്നു മന്ത്രി.

ബ്രിട്ടീഷുകാരില്‍ നിന്ന് സ്വാതന്ത്ര്യം ലഭിച്ച് 76 വര്‍ഷങ്ങള്‍ പൂര്‍ത്തിയാകുമ്പോള്‍ 77-ാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്ന വേളയില്‍ രാജ്യം ഒരുപാട് നേട്ടങ്ങള്‍ കൈവരിച്ചു കഴിഞ്ഞു. സ്വാതന്ത്ര്യം ലഭിച്ചതിനുശേഷം ദേശീയ നേതാക്കള്‍ നിരവധി ചര്‍ച്ചകള്‍ക്ക് ശേഷമാണ് മതേതരത്വ ജനാധിപത്യ രാജ്യമാക്കാന്‍ തീരുമാനിച്ചത്. വൈവിധ്യമായ ജാതി, മത, ഭാഷാ സംസ്‌കാരങ്ങള്‍, മതേതരത്വ, ജനാധിപത്യ, സോഷ്യലിസ്റ്റ് മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് കൊണ്ടാണ് ഭരണഘടന രൂപീകരിച്ചതെന്നും മന്ത്രി പറഞ്ഞു.

വ്യത്യസ്ത ജാതി മത സംസ്‌കാരത്തില്‍ ജീവിക്കുന്നവര്‍ ഏകോദര സഹോദരങ്ങളെപ്പോലെ ജീവിക്കുന്ന സാഹചര്യം തുടരണം. എല്ലാവരുടെയും വിശ്വാസപ്രമാണങ്ങള്‍ അംഗീകരിക്കാന്‍ സാധിക്കണം. സ്വാതന്ത്ര്യവും ജനാധിപത്യവും എല്ലാ മനുഷ്യരുടെയും അവകാശമാണ്. എല്ലാ ഇന്ത്യക്കാരും ഇതിനായി ഒന്നിച്ചുനില്‍ക്കണം. 77-ാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്ന വേളയില്‍ നേടിയെടുത്ത സ്വാതന്ത്ര്യം നഷ്ടപ്പെടാതെ കരുതലോടെ മുന്നോട്ടുപോകണമെന്നും മന്ത്രി പറഞ്ഞു.

രാവിലെ 9ന് മന്ത്രി കെ.രാധാകൃഷ്ണന്‍ പരേഡിനെ അഭിവാദ്യം ചെയ്തു. ദേശീയ പതാക ഉയര്‍ത്തി പരേഡ് പരിശോധിച്ചു. തുടര്‍ന്ന് വിവിധ പ്ലറ്റൂണുകളുടെ മാര്‍ച്ച് പാസ്റ്റില്‍ മന്ത്രി അഭിവാദ്യം സ്വീകരിച്ചു.

ജില്ലാ കളക്ടര്‍ എന്‍.എസ്.കെ ഉമേഷ്, സിറ്റി പോലീസ് കമ്മീഷണര്‍ എ.അക്ബര്‍ എന്നിവരും പരേഡിനെ അഭിവാദ്യം ചെയ്തു.

30 പ്ലാറ്റൂണുകളും മൂന്ന് ബാന്റ് സംഘവുമാണ് പരേഡില്‍ അണിനിരന്നത്. ഡി.എച്ച്.ക്യൂ ക്യാമ്പ് കൊച്ചി സിറ്റി, എറണാകുളം റൂറല്‍ ലോക്കല്‍ പോലീസ്, കൊച്ചി സിറ്റി ലോക്കല്‍ പോലീസ്, എറണാകുളം റൂറല്‍ വനിതാ പോലീസ്, കൊച്ചി സിറ്റി ലോക്കല്‍ വനിതാ പോലീസ്, കേരള ആംഡ് പ്ലറ്റൂണ്‍ തൃപ്പുണിത്തുറ ബറ്റാലിയന്‍, എക്സൈസ്, സീ കേഡറ്റ്‌സ് കോപ്‌സ് (സീനിയര്‍), 21 കേരള ബി.എന്‍ എന്‍.സി.സി.തുടങ്ങി ആയുധങ്ങളോടെയുള്ള 9 പ്ലറ്റൂണുകളും ഫയര്‍ ഫോഴ്‌സ്, ടീം കേരള, കേരള സിവില്‍ ഡിഫെന്‍സ്, വിവിധ സ്‌കൂളുകളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റ്‌സ്, സ്‌കൗട്ട് ആന്‍ഡ് ഗൈഡ്‌സ്, റെഡ് ക്രോസ് തുടങ്ങി നിരായുധ 18 പ്ലറ്റൂണുകളുമാണ് പരേഡില്‍ പങ്കെടുത്തത്.

സ്വാതന്ത്യ സമര സേനാനികള്‍ക്കും മുന്‍ സൈനികര്‍ക്കും ആശ്രിതര്‍ക്കും സംസ്ഥാന സര്‍ക്കാര്‍ നല്‍കി വരുന്ന വിവിധ ധനസഹായ പദ്ധതികള്‍ക്കായി സ്വരൂപിക്കുന്ന സായുധ സേന പതാകദിന നിധിയിലേക്ക് ജില്ലാ അടിസ്ഥാനത്തില്‍ ഏറ്റവും കൂടുതല്‍ തുക സംഭരിച്ച സ്ഥാപനങ്ങള്‍ക്കും മികച്ച പ്ലറ്റുണുകള്‍ക്കും, ബാന്‍ഡ് എന്നിവ അവതരിപ്പിച്ചവര്‍ക്കുമുള്ള പുരസ്‌കാര വിതരണവും മന്ത്രി കെ. രാധാകൃഷ്ണന്‍ നിര്‍വഹിച്ചു. പരേഡ് കമാൻഡർ മോഹിത് രാവത്ത് പരേഡിന് നേതൃത്വം നൽകി.

ചടങ്ങില്‍ എം.എല്‍.എ.മാരായ അഡ്വ.പി.വി ശ്രീനിജിന്‍, ഉമ തോമസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സനിതാ റഹീം, അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് എസ്. ഷാജഹാന്‍, അസി.കളക്ടര്‍ നിഷാന്ത് സിഹാര, ഡെപ്യൂട്ടി കളക്ടര്‍മാര്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

തുടര്‍ന്ന് മന്ത്രി സിവില്‍ സ്റ്റേഷന്‍ അങ്കണത്തിലെ ഗാന്ധി പ്രതിമയില്‍ മന്ത്രി പുഷ്പാര്‍ച്ചന നടത്തി. എം.എല്‍.എ.മാരായ അഡ്വ. പി.വി. ശ്രീനിജിന്‍, ഉമ തോമസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, സിറ്റി പോലീസ് കമ്മീഷണര്‍ എ.അക്ബര്‍, ജില്ലാ കളക്ടര്‍ എന്‍.എസ്.കെ ഉമേഷ്, അസിസ്റ്റന്റ് കളക്ടര്‍ നിഷാന്ത് സിഹാര, അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് എസ്. ഷാജഹാന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.