ജില്ലയിലെ മികച്ച അമൃത് സരോവര്‍ പദ്ധതി പുരസ്‌കാരം കീഴ്മാട് ഗ്രാമപഞ്ചായത്തിലെ തുമ്പിച്ചാല്‍ചിറ സരോവറിന് ലഭിച്ചു. പട്ടികജാതി, പട്ടികവര്‍ഗ്ഗ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണന്‍ പഞ്ചായത്ത് പ്രസിഡന്റ് സതി ലാലുവിന് അവാര്‍ഡ് കൈമാറി. സ്വാതന്ത്ര ദിനത്തോടനുബന്ധിച്ചാണ് ജില്ലാ ഭരണകൂടം അവാര്‍ഡ് വിതരണ പരിപാടി സംഘടിപ്പിച്ചത്.
ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി കേന്ദ്ര ഗ്രാമീണ വികസന മന്ത്രാലയത്തിന് കീഴില്‍ ഭാവിയിലേക്ക് ജലം കരുതലായി സംരക്ഷിക്കുന്നതിനായി ആവിഷ്‌ക്കരിച്ച പദ്ധതിയാണ് അമൃത് സരോവര്‍. ഇറിഗേഷന്‍ വകുപ്പും തൊഴിലുറപ്പ് പദ്ധതിയും സംയുക്തമായാണ് പദ്ധതി നടപ്പിലാക്കിയത്.
10.49 ലക്ഷം രൂപ ചെലവില്‍ നിര്‍മിച്ച തുമ്പിച്ചാല്‍ച്ചിറ സരോവര്‍ കഴിഞ്ഞ ദിവസം കേന്ദ്രസംസ്ഥാന സംഘങ്ങള്‍ സന്ദര്‍ശിച്ചിരുന്നു. കീഴ്മാട് പഞ്ചായത്തിലെ പായലും പുല്ലും ചെളിയും നിറഞ്ഞിരുന്ന തുമ്പിച്ചാലിനെ പദ്ധതിയിലൂടെ ശുചീകരിച്ചു മണല്‍ ബണ്ട് കെട്ടി സംരക്ഷിച്ചു. പെരിയാറിന്റെ ഭാഗമായ തുമ്പിച്ചാലിന് 10.5 ഏക്കറാണ് വിസ്തൃതി. പദ്ധതിയുടെ ഭാഗമായി ആര്യവേപ്പ് മരങ്ങളും വച്ചുപിടിപ്പിച്ചിട്ടുണ്ട്. തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് 799 തൊഴില്‍ ദിനങ്ങള്‍ പദ്ധതിയിലൂടെ നല്‍കാനായിട്ടുണ്ട്.
കളക്ടറുടെ ചേമ്പറില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, ജോയിന്‍ പ്രോഗ്രാം കോ ഓഡിനേറ്റര്‍ എസ്. ശ്യാമലക്ഷ്മി, ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഹിത ജയകുമാര്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ശ്രീജ പുളിക്കല്‍, വാര്‍ഡ് മെമ്പര്‍മാരായ കെ.സതീശന്‍, ടി.ആര്‍ രാജേഷ്, വി.എം ഫസല്‍ (എ. ഇ മഹാത്മാഗാന്ധി നാഷണല്‍ റൂറല്‍ എംപ്ലോയ്‌മെന്റ് ഗ്യാരന്റി സ്‌കീം ) തുടങ്ങിയവര്‍ പങ്കെടുത്തു.