വിവിധ പദ്ധതികളുടെ ഉദ്ഘാടനം ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്ജ് ഓണ്‍ലൈനായി നിര്‍വഹിച്ചു

കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ ഒരുക്കിയ  പോലീസ് ഔട്ട് പോസ്റ്റ്, കണ്‍ട്രോള്‍ റൂം, ഫാര്‍മസി ഗോഡൗണ്‍, ലിഫ്റ്റുകള്‍ എന്നിവയുടെ ഉദ്ഘാടനം ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്ജ് ഓണ്‍ലൈനായി നിര്‍വഹിച്ചു. കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിന്റെ വികസന പ്രവൃത്തികള്‍ ഘട്ടം ഘട്ടമായി  പൂര്‍ത്തീകരിക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ്ജ് പറഞ്ഞു.

പോലീസ് ഔട്ട് പോസ്റ്റ്, ഫാര്‍മസി ഗോഡൗണ്‍, ലിഫ്റ്റുകള്‍ എന്നിവയുടെ ഉദ്ഘാടനം എം വിജിന്‍ എം എല്‍ എ യും കണ്‍ട്രോള്‍ റൂം ഉദ്ഘാടനം ജില്ലാ കലക്ടര്‍ എസ് ചന്ദ്രശേഖറും നേരിട്ട്  നിര്‍വഹിച്ചു. മെഡിക്കല്‍ കോളേജ് ലക്ച്ചറര്‍ തീയ്യേറ്ററില്‍ നടന്ന ചടങ്ങില്‍ എം വിജിന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. ജില്ലാ കലക്ടര്‍ എസ് ചന്ദ്രശേഖര്‍ വിശിഷ്ടാതിഥിയായി. മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ.കെ സുദീപ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.  പ്രിന്‍സിപ്പല്‍ ഡോ.ടി കെ പ്രേമലത, ഡെപ്യൂട്ടി മെഡിക്കല്‍ സൂപ്രണ്ട് ഡോ ഡി കെ മനോജ്, പയ്യന്നൂര്‍ ഡിവൈഎസ് പി  കെ ഇ പ്രേമചന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു.

സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകളില്‍ ആദ്യമായാണ് ലോക്കപ്പ് സഹിതമുള്ള പോലീസ് ഔട്ട്പോസ്റ്റ് പ്രവര്‍ത്തനം തുടങ്ങുന്നത്. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചേരുന്ന രോഗികളെ സഹായിക്കാനായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമും പ്രവര്‍ത്തനം തുടങ്ങി. രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ആവശ്യമായ സഹായങ്ങള്‍ക്കും പരാതി പരിഹാരത്തിനും കണ്‍ട്രോള്‍ റൂം സഹായകമാകും. കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടിയെത്തുന്നവരുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിച്ച സാഹചര്യത്തിലാണ് പുതിയ ലിഫ്റ്റുകള്‍ പ്രവര്‍ത്തനം ആരംഭിച്ചത്.

രണ്ടെണ്ണം രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും, ഒരെണ്ണം മരുന്നുകളും അവശ്യ സാധനങ്ങളും കൊണ്ടുപോകുന്നതിനും ഉപയോഗിക്കും. സര്‍ക്കാര്‍ ലഭ്യമാക്കുന്ന മരുന്നുകള്‍ സുരക്ഷിതമായി സൂക്ഷിക്കുന്നതിനായാണ് ഫാര്‍മസി ഗോഡൗണ്‍ ഒരുക്കിയത്. വാപ്‌കോസിനാണ് നിര്‍മാണ പ്രവൃത്തികളുടെ ചുമതല. കിഫ്ബി മുഖേന 29 കോടി രൂപയുടെ നിര്‍മാണപ്രവൃത്തികളാണ് ഇവിടെ നടക്കുന്നത്.