കേരളത്തിലെ തനത് കൈത്തറി ഉത്പന്നങ്ങളുടെ മേന്മയും പ്രാധാന്യവും വൈവിധ്യവും എല്ലാ ജനങ്ങളിലേയ്ക്കും എത്തിക്കുന്നതിനും പരമ്പരാഗത കൈത്തറി മേഖലയെ സംരക്ഷിക്കുന്നതിനും, അതുവഴി സാധാരണക്കാരായ നെയ്ത്ത് തൊഴിലാളികളെ സഹായിക്കുന്നതിനുമായി കൈത്തറി വസ്ത്ര ഡയറക്ടറേറ്റിന്റേയും തിരുവനന്തപുരം ജില്ലാ വ്യവസായ കേന്ദ്രത്തിന്റേയും ഹാൻറ്‌ലൂം ഡവലപ്‌മെന്റ് കമ്മറ്റിയുടെയും സംയുക്താഭിമുഖ്യത്തിൽ ”അനന്തപുരി  ഓണം കൈത്തറി മേള 2023” എന്ന പേരിൽ കൈത്തറി വസ്ത്ര വിപണന മേള ആഗസ്റ്റ് 14 മുതൽ 26 വരെ തിരുവനന്തപുരം പുത്തരിക്കണ്ടം  നയനാർ പാർക്കിൽ നടക്കുന്നു.

ബാലരാമപുരം കൈത്തറി ഉത്പന്നങ്ങളായ പുളിയിലക്കര മുണ്ടുകൾ, സാരികൾ, ഒറിജിനൽ കസവു സാരികൾ, കസവു മുണ്ടുകൾ, ബെഡ് ഷീറ്റുകൾ, വിവിധ തരം ടവ്വലുകൾ, ഫർണിഷിംഗ് ക്ലോത്തുകൾ, ഷർട്ടിംഗ്, സ്യൂട്ടിംഗ്, റെഡിമെയ്ഡുകൾ, കൂടാതെ പരമ്പരാഗത കുത്താമ്പുള്ളി സാരികളും, ഹാൻറക്‌സ്, ഹാൻവീവ് തുണിത്തരങ്ങളുടെ വൈവിധ്യങ്ങളായ കൈത്തറി വസ്ത്രങ്ങളും 20 ശതമാനം ഗവൺമെന്റ് റിബേറ്റിൽ ലഭിക്കും.

മേള സന്ദർശിക്കുന്നവർക്ക് പരമ്പരാഗത തറിയും ചർക്കയും നേരിട്ട് കാണുന്നതിന് അവസരമുണ്ട്. സ്റ്റാളുകളിൽ നിന്നും കൈത്തറി വസ്ത്രങ്ങൾ വാങ്ങുന്നവർക്ക് സെൽഫി പോയിന്റിൽ നിന്നും സെൽഫിയെടുത്ത് അയയ്ക്കാം. സമ്മാനാർഹമായ സെൽഫിക്ക് അടുത്ത പർച്ചേസിന് 500 രൂപ ഡിസ്‌കൗണ്ട് ലഭിക്കും.

1000 രൂപയ്ക്ക് മുകളിൽ കൈത്തറി ഉൽപന്നങ്ങൾ വാങ്ങുന്നവർക്ക് ലഭിക്കുന്ന കൂപ്പണുകൾ നറുക്കെടുക്കുകയും ആഴ്ചയിൽ ഒരു ഓണ കൈത്തറിക്കിറ്റ് സമ്മാനമായി നൽകുകയും ചെയ്യും. (ഓണക്കിറ്റിൽ കൈത്തറി മുണ്ട്, ഷർട്ട് പീസ്, സാരി, ബെഡ് ഷീറ്റ്, ടവ്വൽ എന്നിവ ഉണ്ടാകും) ഓരോ 1000 രൂപയുടെ പർച്ചേസിനും ലഭിക്കുന്ന കൂപ്പണുകൾ നറുക്കെടുക്കുകയും ബംബർ സമ്മാനമായി സ്മാർട്ട് ടി വി, സ്മാർട്ട് വാച്ച്, മിക്‌സി എന്നിവ സമ്മാനമായി നൽകും.