പൗരന്മാർക്ക് അന്തസ്സാർന്ന ജീവിതം ഉറപ്പാക്കേണ്ടത് ഓരോരുത്തരുടേയും കടമ – മന്ത്രി അഹമ്മദ് ദേവർകോവിൽ

ജനാധിപത്യമൂല്യങ്ങൾ പാലിച്ചുകൊണ്ട് എല്ലാ പൗരന്മാർക്കും അന്തസ്സാർന്ന ജീവിതം ഉറപ്പാക്കേണ്ടത് ഓരോരുത്തരുടേയും കടമയാണെന്ന് തുറമുഖം മ്യൂസിയം പുരാവസ്തു പുരാരേഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ. വെസ്റ്റ്ഹില്‍ വിക്രം മൈതാനിയില്‍ നടന്ന സ്വാതന്ത്ര്യ ദിനാഘോഷ പരേഡില്‍ അഭിവാദ്യം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

സ്വാതന്ത്ര്യ ദിനം ആഘോഷിക്കുമ്പോൾ രാഷ്ട്രം കഠിനാധ്വാനത്തിലൂടെ നേടിയെടുത്ത സ്വാതന്ത്ര്യം മാത്രമല്ല സ്വാതന്ത്ര്യത്തിനുശേഷം വിവിധ മേഖലകളിൽ കൈവരിച്ച ശ്രദ്ധേയമായ മുന്നേറ്റങ്ങൾ കൂടിയാണ് ആഘോഷിക്കുന്നത്. നാനാത്വത്തിൽ ഏകത്വം എന്നത് ഇന്ത്യയുടെ ദേശീയ സ്വത്വത്തിന്റെ ആണിക്കല്ലായി നിലനിൽക്കണം. രാജ്യത്തിന്റെ ജനാധിപത്യ -മതേതര മൂല്യങ്ങൾ തകർക്കുന്ന ഏതു നീക്കങ്ങളെയും ഒറ്റക്കെട്ടായി പ്രതിരോധിക്കണമെന്നും മന്ത്രി പറഞ്ഞു.

ജനകോടികളുടെ ഹൃദയത്തിൽ സ്വതന്ത്ര ഭാരതം എന്ന വികാരം ആവേശമായി അലയടിക്കുന്ന സ്വാതന്ത്ര്യ ദിനത്തിൽ ദേശസ്നേഹത്തിന് ഉണർത്തുപാട്ടായി ശബ്ദിക്കാൻ നമുക്ക് സാധിക്കണമെന്നും മന്ത്രി പറഞ്ഞു.

ജില്ലയില്‍ വിവിധ പരിപാടികളോടെ സ്വാതന്ത്ര്യ ദിനം സമുചിതമായാണ് ആഘോഷിച്ചത്. മന്ത്രി അഹമ്മദ് ദേവർകോവിൽ ദേശീയ പതാക ഉയര്‍ത്തി സ്വാതന്ത്ര്യദിന പരിപാടികള്‍ക്ക് തുടക്കം കുറിച്ചു. വിവിധ പ്ലാറ്റൂണുകളുടെ മാര്‍ച്ച് പാസ്റ്റില്‍ മന്ത്രി അഭിവാദ്യം സ്വീകരിച്ചു.

പന്നിയങ്കര പോലിസ് സ്റ്റേഷനിലെ ഇന്‍സ്‌പെക്ടര്‍ കെ.സംഭു നാഥ് പരേഡ് നയിച്ചു. ഡി.എച്ച്.ക്യു കോഴിക്കോട് സിറ്റി ആന്റ് റൂറല്‍, സിറ്റി ലോക്കല്‍ പോലിസ്, വനിതാ പോലിസ്, എക്‌സൈസ്, ഫോറസ്റ്റ്, എന്‍.സി.സി, എസ്.പി.സി, സ്‌കൗട്ട്‌സ്, ഗൈഡ്‌സ്, തുടങ്ങിയ വിഭാഗങ്ങളിലായി 27 പ്ലാറ്റൂണുകള്‍ അണിനിരന്നു. സേനാ വിഭാഗത്തിൽ ഡി.എച്ച്.ക്യു കോഴിക്കോട് സിറ്റിയും വിദ്യാർത്ഥികളുടെ വിഭാഗത്തിൽ മാവൂർ ഗവ. ഹയർ സെക്കന്ററി സ്കൂളിലെ എസ്പിസിയും മികച്ച പ്ലാറ്റൂണുകളായി തെരഞ്ഞെടുക്കപ്പെട്ടു. വിവിധ സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികളുടെ കലാപരിപാടികളും ആഘോഷത്തിന്റെ ഭാഗമായി നടന്നു.

ചടങ്ങില്‍ എം.കെ രാഘവന്‍ എം.പി,  തോട്ടത്തില്‍ രവീന്ദ്രന്‍ എം.എല്‍.എ, മേയര്‍ ഡോ. ബീനാ ഫിലിപ്പ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി, ജില്ലാ പഞ്ചായത്ത് മെമ്പർ അഡ്വ. പി.ഗവാസ്, ജില്ലാ കലക്ടര്‍ എ ഗീത, അസിസ്റ്റന്റ് കലക്ടർ പ്രതീക് ജെയിൻ, എ ഡി എം സി.മുഹമ്മദ്‌ റഫീഖ്, ജില്ലാ പോലിസ് മേധാവിമാരായ രാജ്പാൽ മീണ, ആര്‍. കറുപ്പസാമി, വിവിധ വകുപ്പ് മേധാവികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.