ജനാധിപത്യം ജനങ്ങളുടെ ഇച്ഛയെ പ്രതിഫലിപ്പിക്കണമെന്ന് കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് മന്ത്രി പി. പ്രസാദ്. രാജ്യത്തിന്റെ 77-ാമത് സ്വാതന്ത്ര്യദിനത്തില്‍ ആലപ്പുഴ റിക്രിയേഷന്‍ ഗ്രൗണ്ടില്‍ ദേശീയ പതാക ഉയര്‍ത്തിയശേഷം സ്വാതന്ത്ര്യദിന സന്ദേശം നല്‍കുകയായിരുന്നു മന്ത്രി.

ജനങ്ങളുടെ ഇച്ഛയെ പ്രതിഫലിപ്പിക്കുക എന്നതില്‍ ഭരണകൂടത്തിനും ഉത്തരവാദിത്വമുണ്ട്. സ്വാതന്ത്ര്യം എല്ലാ അര്‍ത്ഥത്തിലും ജനങ്ങള്‍ക്ക് ആസ്വദിക്കാനാകണം. എന്നാല്‍ ഇതിനെല്ലാം വിരുദ്ധമായ ചില കാഴ്ചകള്‍ കണ്‍മുന്നില്‍ സംഭവിക്കുന്നു. വിവസ്ത്രയാക്കപ്പെട്ട സഹോദരിമാരുടെ കണ്ണുനീരുമായി മണിപ്പുര്‍ ഈ സ്വാതന്ത്ര്യ ദിനത്തിലും നമ്മുടെ കണ്‍മുന്നിലുണ്ട്. എവിടെയാണ് പിഴയ്ക്കുന്നത് എന്നത് ഓര്‍ത്തിരിക്കേണ്ടതുണ്ട്- മന്ത്രി പറഞ്ഞു.

സ്വാതന്ത്ര്യം എന്നത് ജനതയ്ക്കുവേണ്ടിയാണ്. മതനിരപേക്ഷത എല്ലാത്തിനെക്കാളും ഉയര്‍ന്നു നില്‍ക്കണം. ജനാധിപത്യവും മതനിരപേക്ഷതയും ഫെഡറലിസവും മാനവികതയുമെല്ലാം ഉയര്‍ന്നു നില്‍ക്കുകമ്പോള്‍ മനുഷ്യന്‍ പ്രധാന്യം ലഭിക്കും. സ്വാതന്ത്ര്യം ധൂര്‍ത്തടിക്കാനുള്ളതല്ല. അതൊരു ഉത്തരവാദിത്തമായി കാത്തുസൂക്ഷിക്കേണ്ടതുണ്ട്. വര്‍ഗം, ജാതി, മതം, ദേശം, വര്‍ണം, ലിംഗം, ഭാഷ ഇങ്ങനെയൊന്നിന്റെയും പേരില്‍ വിവേചനം ഉണ്ടായിക്കൂടാ. എല്ലാവരും മനുഷ്യരാണ് എന്ന ചിന്തയാണ് സമുന്നതം. അതാണ് ഇന്ത്യന്‍ ജനാധിപത്യത്തെ മഹനീയമാക്കുന്നതും- മന്ത്രി പറഞ്ഞു.

വേദിയിലെത്തിയ മുഖ്യാതിഥിയായ മന്ത്രിയെ ജില്ല കളക്ടര്‍ ഹരിത വി. കുമാറും ജില്ല പോലിസ് മേധാവി ചൈത്ര തെരേസ ജോണും ചേര്‍ന്ന് സ്വീകരിച്ചു. തുടര്‍ന്ന് പതാക ഉയര്‍ത്തിയ ശേഷം മന്ത്രി പരേഡ് പരിശോധിച്ചു.

എ.എം. ആരിഫ് എം.പി., എം.എല്‍.എ.മാരായ എച്ച്. സലാം, പി.പി. ചിത്തരഞ്ജന്‍, നഗരസഭാധ്യക്ഷ കെ.കെ. ജയമ്മ, വൈസ് ചെയര്‍മാന്‍ പി.എസ്.എം. ഹുസൈന്‍, സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷരായ നസീര്‍ പുന്നയ്ക്കല്‍, എം.ആര്‍. പ്രേം, കൗണ്‍സിലര്‍മാരായ ഇല്ലിക്കല്‍ കുഞ്ഞുമോന്‍, റീഗോ രാജു തുടങ്ങിയവരും ചടങ്ങിന് സാക്ഷ്യം വഹിക്കാന്‍ എത്തിയിരുന്നു. 15 പ്ലറ്റൂണുകളും 3 ബാന്റ് സംഘങ്ങളും ഉള്‍പ്പടെ 18 പ്ലറ്റൂണുകളാണ് അണിനിരന്നത്. വിവിധ വിഭാഗങ്ങളിലെ ജേതാക്കള്‍ക്കുള്ള സമ്മാന ദാനവും മന്ത്രി പി. പ്രസാദ് നിര്‍വഹിച്ചു. പൂച്ചാക്കല്‍ പോലീസ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ എം. അജയമോഹനായിരുന്നു പരേഡ് കമാന്റര്‍.