പച്ചക്കറി തൈകൾ നട്ടു സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു മാതൃകയായി കടുങ്ങല്ലൂർ ഗ്രാമപഞ്ചായത്ത് 17-ാം വാർഡിലെ തൊഴിലുറപ്പ് തൊഴിലാളികൾ. കടുങ്ങല്ലൂർ കൃഷിഭവനിൽ നിന്നും വിതരണം ചെയ്ത പച്ചക്കറി തൈകൾ സ്വകാര്യ വ്യക്തിയുടെ നാല് സെന്റ് സ്ഥലത്ത് നട്ടാണ് ആഗസ്റ്റ് 15ന് തൊഴിലാളികൾ കൃഷി ആരംഭിച്ചത്.
പഞ്ചായത്തിലെ 21 വാർഡുകളിലും 100 പച്ചക്കറി തൈകൾ വീതം കൃഷിഭവൻ വിതരണം ചെയ്തിട്ടുണ്ട്. 17-ാം വാർഡിൽ മെമ്പർ കെ.എസ് താരാനാഥിന്റെ നിർദ്ദേശപ്രകാരം തൊഴിലുറപ്പ് തൊഴിലാളികൾ കൂട്ടായി ഉദ്യമം ഏറ്റെടുക്കുകയായിരുന്നു. വെണ്ട, വഴുതന, അച്ചിങ്ങ പയർ, പച്ചമുളക് തുടങ്ങിയ 60 പച്ചക്കറി തൈകളാണ് നട്ടത്. വാർഡ് മെമ്പർ നടീൽ ഉദ്ഘാടനം ചെയ്തു. വികസന സമിതി അംഗം വി.പി സുരേന്ദ്രൻ ചടങ്ങിൽ പങ്കെടുത്തു.
വാർഡിലെ 14 തൊഴിലുറപ്പ് തൊഴിലാളികൾക്ക് നേരത്തെ യൂണിഫോം വിതരണം ചെയ്തിട്ടുണ്ടെന്നും ഓണം പ്രമാണിച്ച് ഓണക്കിറ്റ് വിതരണം ചെയ്യുമെന്നും വാർഡ് മെമ്പർ കെ.എസ് താരാനാഥ് പറഞ്ഞു.