കളമശ്ശേരി. എറണാകുളം സർക്കാർ മെഡിക്കൽ കോളേജിലെ കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗത്തിലെ വിദ്യാർത്ഥികൾക്ക് പഠനാവശ്യത്തിന് വേണ്ടി ഹൈബി ഈഡൻ എം.പിയുടെ 2022-2023 വർഷത്തെ വികസന ഫണ്ടിൽ ഉൾപ്പെടുത്തി 20.86 ലക്ഷം രൂപയുടെ ബസ് അനുവദിച്ചു.
കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗം വിദ്യാർത്ഥികൾക്ക് അവരുടെ ഫീൽഡ് വർക്കിന്റെ ഭാഗമായി ഗ്രാമപ്രദേശങ്ങളിൽ ചെന്ന് രോഗികളെ നേരിൽകണ്ടു പഠനം നടത്തേണ്ടതുണ്ട്. ഈ ആവശ്യത്തിനായി തിരഞ്ഞെടുക്കുന്ന സ്ഥലങ്ങളിലേക്ക് എത്തിച്ചേരൽ ബുദ്ധിമുട്ട് ഉള്ളതുകൊണ്ടും വിദ്യാർത്ഥികളുടെ സേവനം കൂടുതൽ കാര്യക്ഷമമാക്കാൻ വേണ്ടിയുമാണ് ബസ് സൗകര്യം ഒരുക്കിയിരിക്കുന്നത്. കമ്മ്യൂണിറ്റി പഠനത്തിന്റെ ഭാഗമായി ഇത്തവണ ഏറ്റെടുത്തിരിക്കുന്നത് കടമക്കുടി പഞ്ചായത്തിലെ പിഴലയാണ്.
മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. എസ്. പ്രതാപ് ചടങ്ങിന് സ്വാഗതം ആശംസിച്ചു. കളമശ്ശേരി നഗരസഭ ചെയർപേഴ്സൺ സീമ കണ്ണൻ അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടർ എൻ. എസ്. കെ ഉമേഷ് മുഖ്യ പ്രഭാഷണം നടത്തി. ഹൈബി ഈഡൻ എം.പി. ബസ് ഫ്ലാഗ് ഓഫ് ചെയ്ത്
ചടങ്ങ് ഉത്ഘാടനം നിർവഹിച്ചു. കളമശ്ശേരി നഗരസഭ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ.കെ. നിഷാദ്,വാർഡ് മെമ്പർ കെ.കെ.ശശി, വൈസ് പ്രിൻസിപ്പൽ ഡോ. അനിൽ കുമാർ, ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. ഗീത നായർ, ,പി. റ്റി. എ പ്രസിഡന്റ് ഡോ. ബി രാജീവ്, കോളേജ് യൂണിയൻ ചെയർമാൻ വി.എസ്. വിനയ് എന്നിവർ ആശംസകൾ അർപ്പിച്ചു. കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗം അസോസിയേറ്റ് പ്രൊഫസർ ഡോ. ബിന്ദു വാസുദേവൻ ചടങ്ങിന് നന്ദി അറിയിച്ചു.