മതനിരപേക്ഷ ജനാധിപത്യ ഫെഡറല്‍ ഇന്ത്യയെ സംരക്ഷിക്കണമെന്ന് തദ്ദേശ സ്വയംഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി.രാജേഷ് പറഞ്ഞു. കാസര്‍കോട് വിദ്യാനഗര്‍ മുന്‍സിപ്പല്‍ സ്റ്റേഡിയത്തില്‍ നടന്ന സ്വാതന്ത്ര്യ ദിന പരേഡില്‍ സ്വാതന്ത്ര്യ ദിന സന്ദേശം നല്‍കുകയായിരുന്നു മന്ത്രി. അറുന്നൂറോളം നാട്ടു രാജ്യങ്ങളായി ചിതറിക്കിടന്ന ഒരു ഭൂപ്രദേശത്തെയും അനേകം ജാതികളും മതങ്ങളിലുമായി വിഭജിച്ചു നിന്ന ജനവിഭാഗങ്ങളെയും കോര്‍ത്തിണക്കി വിവിധങ്ങളായ പൂക്കള്‍ ചേര്‍ത്ത് കോര്‍ത്തൊരു മാല പോലെ ഇന്ത്യയെന്ന ആധുനിക രാഷ്ട്രത്തെ നിര്‍മ്മിച്ചത് ബ്രിട്ടീഷുകാര്‍ക്കെതിരെ നടന്നിട്ടുള്ള സ്വാതന്ത്ര്യ സമരമാണെന്ന് മന്ത്രി പറഞ്ഞു.
നമ്മുടെ രാജ്യത്തിന്റെ ആധാരശിലകള്‍ മതനിരപേക്ഷതയും ജനാധിപത്യവും ഫെഡറല്‍ ഘടനയുമാണ്. അതിന്റെ ഉറച്ച അടിത്തറയിലാണ് ഇന്ത്യ 76 വര്‍ഷവും അതിജീവിച്ചത്. നമുക്കൊപ്പം സ്വാതന്ത്യം നേടിയ ചില രാജ്യങ്ങള്‍ മതനിരപേക്ഷയും ജനാധിപത്യവും കൈയ്യൊഴിഞ്ഞ ചില രാജ്യങ്ങള്‍ ഒന്നിച്ചു നില്‍ക്കാനാകാതെ ഭിന്നിച്ചുപോയതും കണ്ടതാണ്. ഈ സ്വാതന്ത്ര്യ ദിനത്തില്‍ മതനിരപേക്ഷ ജനാധിപത്യ ഫെഡറല്‍ ഇന്ത്യയെ സംരക്ഷിക്കും എന്ന് ആവര്‍ത്തിച്ച് പ്രതിജ്ഞയെടുക്കണം.
സ്വാതന്ത്ര്യദിന സന്ദേശ വേളയില്‍ മന്ത്രി എം.ബി.രാജേഷ് കയ്യൂര്‍ സമരസേനാനികള്‍, കെ.കേളപ്പന്റെ നേതൃത്വത്തില്‍ പയ്യന്നൂര്‍ ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തവരടക്കം രാജ്യത്തിന്റെ സ്വതന്ത്ര്യ സ്വാതന്ത്ര്യ സമര സേനാനികളെ സ്മരിച്ചു. ഭരണഘടന മുന്നോട്ട് വെക്കുന്ന നീതി, സമത്വം, സാഹോദര്യവും സ്വാതന്ത്യ സമരത്തില്‍ നിന്നും നമുക്ക് ലഭിച്ചതാണ്. അത് സംരക്ഷിക്കാന്‍ നമുക്ക് സാധിക്കണം. നാം കാത്തു സൂക്ഷിക്കുന്ന മൂല്യങ്ങള്‍ക്ക് നേരെ വെല്ലുവിളികള്‍ ഉയര്‍ന്നു വരുന്നത് ജാഗ്രതയോടെ നമുക്ക് ചെറുക്കാന്‍ കഴിയണം. രാജ്യത്തിന്റെ വൈവിധ്യത്തെ ചേര്‍ത്ത് പിടിക്കേണ്ടത് പൗരന്‍മാരുടെ കടമയാണ്. നാനാത്വത്തെ അംഗീകരിക്കുമ്പോഴാണ് ഒരുമയോടെ മുന്നോട്ട് പോകാന്‍ കഴിയുക എന്നതാണ് ദേശീയ പ്രസ്ഥാനവും സ്വാതന്ത്ര്യ സമരവും നമ്മെ പഠിപ്പിക്കുന്നത്. അടിസ്ഥാന ആശയങ്ങളെയും മൂല്യങ്ങളെയും സംരക്ഷിക്കുന്നതാണ് ഇന്നത്തെ രാജ്യസ്‌നേഹപരമായ കടമ എന്ന് മന്ത്രി ഓര്‍മ്മിപ്പിച്ചു. സ്വാതന്ത്ര്യത്തിന്റെ നേട്ടങ്ങള്‍ പൂര്‍ണ്ണമായും എത്താത്ത പ്രദേശങ്ങള്‍ നമ്മുടെ രാജ്യത്തുണ്ട്. അവര്‍ക്കു കൂടി സ്വാതന്ത്ര്യം ലഭിക്കുമ്പോഴാണ് സ്വാതന്ത്ര്യം അര്‍ത്ഥ പൂര്‍ണ്ണമാവുകയുള്ളൂവെന്നും മന്ത്രി പറഞ്ഞു.
സ്വാതന്ത്ര്യസമര സേനാനിയും കവിയുമായിരുന്ന ടി.എസ് തിരുമുമ്പിന്റെ പ്രശസ്തമായ കവിതയിലെ തല നരക്കുവതല്ലെന്റെ വൃദ്ധത്വം; തല നരക്കാത്തതല്ലെന്‍ യുവത്വവും; കൊടിയ ദുഷ്പ്രഭുത്വത്തിന്‍ തിരുമുമ്പില്‍ തല കുനിക്കാത്ത ശീലമെന്‍ യൗവ്വനം എന്ന വരികള്‍ ചൊല്ലി.
76ാമത് സ്വാതന്ത്ര്യ ദിനാഘോഷം; കാസര്‍കോട് മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ മന്ത്രി എം.ബി.രാജേഷ് ദേശീയ പതാക ഉയര്‍ത്തി സല്യൂട്ട് സ്വീകരിച്ചു
രാജ്യത്തിന്റെ 76ാമത് സ്വാതന്ത്ര്യ ദിനത്തില്‍ വിദ്യാനഗര്‍ കാസര്‍കോട് മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ രാവിലെ 9ന് തദ്ദേശ സ്വയംഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി.രാജേഷ് ദേശീയ പതാക ഉയര്‍ത്തി അഭിവാദ്യം സ്വീകരിച്ചു. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി, എം.എല്‍.എമാരായ എ.കെ.എം.അഷറഫ,് എന്‍.എ.നെല്ലിക്കുന്ന്,് സി.എച്ച്.കുഞ്ഞമ്പു, ഇ.ചന്ദ്രശേഖരന്‍, എം.രാജഗോപാലന്‍, സ്വാതന്ത്ര്യ സമര സേനാനി ക്യാപ്ടന്‍ കെ.എം കുഞ്ഞിക്കണ്ണന്‍ നമ്പ്യാര്‍ എന്നിവര്‍ പരേഡ് വീക്ഷിക്കാന്‍ പ്രത്യക ക്ഷണിതാക്കളായി എത്തി. ജില്ലാ കളക്ടര്‍ കെ.ഇമ്പശേഖര്‍, ജില്ലാ പോലീസ് മേധാവി ഡോ.വൈഭവ് സക്‌സേന എന്നിവര്‍ പരേഡിനെ സല്യൂട്ട് ചെയ്തു.
വിദ്യാനഗര്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ പി. പ്രമോദ് പരേഡ് കമാണ്ടറായി. വെള്ളരിക്കുണ്ട് സബ് ഇന്‍സ്‌പെക്ടര്‍ ഹരികൃഷ്ണന്‍ സെക്കന്‍ഡ് കമാണ്ടറായി. കാസര്‍കോട് ജില്ലാ പോലീസ് ഹെഡ് ക്വാര്‍ട്ടേഴ്‌സ് ഗ്രേഡ് എസ്.ഐ എം.ഗോപിനാഥന്‍ നയിച്ച ജില്ലാ പോലീസ് ഹെഡ് ക്വാര്‍ട്ടേഴ്‌സ് ടീം, കാസര്‍കോട് എസ്.ഐ വിഷ്ണുപ്രസാദ് നയിച്ച ലോക്കല്‍ പോലീസ് ടീം, ചീമേനി എസ്.ഐ കെ.അജിത നയിച്ച വനിതാ പോലീസ് ടീം, നീലേശ്വരം എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ.കെ.സുധീര്‍ നയിച്ച എക്‌സൈസ് ടീം, നെഹ്‌റു ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ് പ്രതിനിധി (സീനിയര്‍ അണ്ടര്‍ ഓഫീസര്‍) സഞ്ജീവ് കുമാര്‍ നയിച്ച സീനിയര്‍ ഡിവിഷന്‍ എന്‍.സി.സി ടീം, കാഞ്ഞങ്ങാട് ദുര്‍ഗ്ഗാ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പ്രതിനിധി എ.നിരാമയ നയിച്ച ജൂനിയര്‍ ഡിവിഷന്‍ എന്‍.സി.സി ടീം, കാഞ്ഞങ്ങാട് ഇക്ബാല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പ്രതിനിധി വി.ഷാനു നയിച്ച ജൂനിയര്‍ ഡിവിഷന്‍ എന്‍.സി.സി ടീം, ജി.എച്ച്.എസ്.എസ്. ചായ്യോത്ത് പ്രതിനിധി സി.വി.അതുല്‍ റാം നയിച്ച ജൂനിയര്‍ ഡിവിഷന്‍ എന്‍.സി.സി ടീം, പെരിയ ജവഹര്‍ നവോദയ വിദ്യാലയ പ്രതിനിധി ടി.കെ.ആദര്‍ശ് നയിച്ച ബാന്‍ഡ് പാര്‍ട്ടി, നീലേശ്വരം രാജാസ് ഹൈ സ്‌കൂള്‍ പ്രതിനിധി കെ.കെ.പ്രവീണ്‍ രാജ് നയിച്ച എന്‍.സി.സി. നേവല്‍ വിങ് ടീം, ഗവണ്മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പരവനടുക്കം പ്രതിനിധി കെ.വിഷ്ണു നയിച്ച എന്‍.സി.സി എയര്‍ വിങ് ടീം, ചട്ടഞ്ചാല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പ്രതിനിധി കെ.തേജലക്ഷ്മി നയിച്ച സ്റ്റുഡന്റ് പോലീസ് കേഡറ്റ് ടീം, ജി.വി.എച്ച്.എസ്.എസ് ഇരിയണ്ണി പ്രതിനിധി സി.അനുശ്രീ നയിച്ച സ്റ്റുഡന്റ് പോലീസ് കേഡറ്റ് ടീം, നവജീവന എച്ച്.എസ്.എസ്. പെര്‍ഡാല പ്രതിനിധി പി.സാന്ദ്വന നയിച്ച സ്റ്റുഡന്റ് പോലീസ് കേഡറ്റ് ടീം, ജി.എച്ച്.എസ്.എസ് ഉദിനൂര്‍ പ്രതിനിധി എം.തന്മയ നയിച്ച സ്റ്റുഡന്റ് പോലീസ് കേഡറ്റ് ടീം, ജില്ലാ യുവജനക്ഷേമ ബോര്‍ഡ് പ്രതിനിധി നവീന്‍ രാജ് നയിച്ച ടീം കേരള, ഉളിയത്തടുക്ക ജയ് മാതാ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ പ്രതിനിധി സി.കെ.പ്രേരന്‍ പ്രഭാകര്‍ നയിച്ച ബാന്‍ഡ് പാര്‍ട്ടി എന്നീ പ്ലാറ്റൂണുകള്‍ പരേഡില്‍ അണിനിരന്നു.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷാനവാസ് പാദൂര്‍, മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഷമീന ടീച്ചര്‍, ചെങ്കള ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഖാദര്‍ ബദരിയ, അസിസ്റ്റന്റ് കളക്ടര്‍ ദിലീപ് കെ കൈനിക്കര, എ.ഡി.എം കെ.നവീന്‍ ബാബു, ആര്‍.ഡി.ഒ അതുല്‍ സ്വാമിനാഥ്, ഡെപ്യൂട്ടി കളക്ടര്‍മാര്‍, എ.എസ്.പി ശ്യാംകുമാര്‍, ഡി.വൈ.എസ്.പിമാര്‍, പോലീസ്, വിവിധ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍ ജീവനക്കാര്‍ പൊതുജനങ്ങള്‍ വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവര്‍ പരേഡ് വീക്ഷിക്കാനെത്തിയിരുന്നു. ജില്ലാ കളക്ടറുടെ മാതാപിതാക്കളും ഭാര്യയും പരേഡ് വീക്ഷിച്ചു.
പരേഡിന് ശേഷം കലാപരിപാടികള്‍ നടന്നു. മ്യൂസിഷന്‍സ് വെല്‍ഫയര്‍ അസോസിയേഷന്‍ അവതരിപ്പിക്കുന്ന ദേശഭക്തി ഗാനം, കേരള പോലീസ് (ടീം വണ്‍) ന്റെ ദേശഭക്തി ഗാനം, നവോദയ നഗര്‍ സേവ് ക്ലബ്ബിന്റെ കൈകൊട്ടിക്കളി, പെരിയ ജവഹര്‍ നവോദയ വിദ്യാലയത്തിന്റെ ദേശഭക്തി ഗാനം, കുമ്പള ലിറ്റില്‍ ലില്ലി ഇംഗ്ലീഷ് മീഡിയം സ്‌കൂളിന്റെ സംഘ ന്യത്തം, കേരള പോലീസ് (ടീം വണ്‍)ന്റെ ദേശഭക്തി ഗാനം, പരവനടുക്കം ഗവണ്‍മെന്റ് മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിന്റെ നാടന്‍ പാട്ട്, കുമ്പള ലിറ്റില്‍ ലില്ലി ഇംഗ്ലീഷ് മീഡിയം സ്‌കൂളിന്റെ സമൂഹ ഗാനം, പരവനടുക്കം ഗവണ്‍മെന്റ് മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിന്റെ ദേശഭക്തി ഗാനം, കാസര്‍കോട് ചിന്മയ വിദ്യാലയയുടെ ദേശഭക്തി ഗാനം, ചിന്മയ വിദ്യാലയയുടെ സംഘ നൃത്തം എന്നിവ നടന്നു.