മന്ത്രി എം.ബി.രാജേഷ് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി
യുവാക്കള്‍ക്കിടയില്‍ വര്‍ദ്ധിച്ചുവരുന്ന മയക്കുമരുന്നിന്റെയും മറ്റു ലഹരി ഉത്പന്നങ്ങളുടെയും ഉപയോഗം കുറയ്ക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ ആവിഷ്‌കരിച്ച ‘നശാമുക്ത് ഭാരത് അഭിയാന്‍’ ജില്ലയില്‍ തുടക്കം കുറിച്ചു. ജില്ലാ ആസ്ഥാനത്ത് നടന്ന സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിയെ തുടര്‍ന്ന് തദ്ദേശ സ്വയം ഭരണവും എക്‌സൈസും വകുപ്പ് മന്ത്രി എം.ബി.രാജേഷ് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു പരിപാടി ഔദ്യോഗികമായി പ്രഖ്യാപിച്ചു. ചടങ്ങില്‍ ജില്ലാ കളക്ടര്‍ കെ.ഇമ്പശേഖര്‍, ജില്ലാ പോലീസ് മേധാവി ഡോ.വൈഭവ് സക്‌സേന, എം.എല്‍.എ മാര്‍, മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു. കേന്ദ്ര സാമൂഹിക നീതിയും ശാക്തീകരണവും മന്ത്രാലയത്തിന്റെ കീഴില്‍ 2020ല്‍ ആവിഷ്‌കരിച്ച സുപ്രധാന പരിപാടിയാണ് നശാ മുക്ത് ഭാരത് അഭിയാന്‍.
ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സര്‍വകലാശാല കാമ്പസുകള്‍, സ്‌കൂളുകള്‍, പൊതുസമൂഹം എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് യുവാക്കള്‍ക്കിടയില്‍ ലഹരി ഉപയോഗത്തിനെതിരെ അവബോധം വളര്‍ത്തുക എന്നതാണ് നശാ മുക്ത് ഭാരത് അഭിയാന്‍ ലക്ഷ്യമിടുന്നത്. ഇതുവരെ വിവിധ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 372 ജില്ലകളില്‍ നടപ്പിലാക്കിയിരുന്ന ഈ പദ്ധതി ഈ വര്‍ഷത്തോടെ ജില്ലയിലും ആരംഭിക്കുകയാണ്. ജില്ലാ കളക്ടര്‍ ചെയര്‍മാനായ ജില്ലാതല സമിതിയാണ് പദ്ധതിയുടെ നടത്തിപ്പിന് മേല്‍നോട്ടം വഹിക്കുന്നതും പുരോഗതി വിലയിരുത്തുന്നതും. ബോധവത്ക്കരണം നടത്തുക, മയക്കുമരുന്നിന് അടിമപ്പെടാന്‍ സാധ്യതയുള്ള ഇടങ്ങള്‍ കണ്ടെത്തുക, കൗണ്‍സലിംഗിലും ചികിത്സയിലും ശ്രദ്ധ കേന്ദ്രീകരിക്കുക, സേവന ദാദാക്കളെ ശാക്തീകരിക്കുക എന്നിവയാണ് നശാമുക്ത് ഭാരത് അഭിയാന്‍ പദ്ധതിയിലെ പ്രധാന പ്രവര്‍ത്തനങ്ങള്‍.