പ്രളയാനന്തര കേരളത്തെയും കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തെയും സംബന്ധിച്ച സമൂഹത്തിന്റെ മനസ്സറിയാന്‍ സംസ്ഥാനത്ത് സാക്ഷരതാമിഷന്റെ നേതൃത്വത്തിലുള്ള സര്‍വേ യ്ക്ക് മികച്ച പ്രതികരണം. സാക്ഷരതാമിഷന്റെ 50,000 തുല്യതാ പഠിതാക്കള്‍ വോളന്റിയര്‍മാരായ സര്‍വേയ്ക്ക്  മന്ത്രിമാര്‍, എം.എല്‍.എമാര്‍ മറ്റു ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥ പ്രമുഖര്‍, സാമൂഹിക, സാംസ്‌കാരിക പ്രവര്‍ത്തകര്‍ റസി.അസോസിയേഷന്‍ ഭാരവാഹികള്‍ തുടങ്ങി സമൂഹത്തിന്റെ നാനാതുറകളില്‍ നിന്നുള്ളവര്‍ നേതൃത്വം നല്‍കി. ഒരു പഠിതാവ് അഞ്ച് വീടുകള്‍ എന്ന ക്രമത്തില്‍ സംസ്ഥാനത്തെ രണ്ടരലക്ഷം വീടുകളിലാണ് സര്‍വേ നടത്തിയത്.
സര്‍വേയുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം അണമുഖം വാര്‍ഡില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍വഹിച്ചു. അണമുഖം കാവുവിളയില്‍ പ്രളയത്തില്‍ മുങ്ങിയ സുരേന്ദ്രന്റെ വീട് സുരഭിയില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചായിരുന്നു ഉദ്ഘാടനം. കേവലം പുസ്തകങ്ങളില്‍ നിന്നുള്ള അറിവ് മാത്രമല്ല യഥാര്‍ത്ഥ വിദ്യാഭ്യാസം. വിവിധ സാമൂഹിക ജീവിതാവസ്ഥകളില്‍ നിന്നുള്ള അറിവ് നേരിട്ട് ആര്‍ജിക്കുന്നതു കൂടിയാവണം. ഇക്കാര്യത്തില്‍ സാക്ഷരതാമിഷന്റെ തുല്യതാ പഠിതാക്കള്‍ മാതൃകയാണ്. – മന്ത്രി പറഞ്ഞു.
ഒക്‌ടോബര്‍ ഏഴിന് പഠനകേന്ദ്രങ്ങളില്‍ സര്‍വേ വിവരങ്ങളുടെ ക്രോഡീകരണം നടക്കും. പഠനകേന്ദ്രങ്ങളുടെ തലത്തിലും ജില്ലാതലത്തിലും സര്‍വേ റിപ്പോര്‍ട്ട് തയ്യാറാക്കി പ്രസിദ്ധപ്പെടുത്തും. സര്‍വേയിലൂടെ കണ്ടെത്തുന്ന വിവരങ്ങളും ദുരന്തനിവാരണ നിര്‍ദേശങ്ങളും അടങ്ങിയ വിശദമായ റിപ്പോര്‍ട്ട് ദുരന്ത ലഘൂകരണ ദിനമായ ഒക്‌ടോബര്‍ 13ന് സര്‍ക്കാരിന് സമര്‍പ്പിക്കും.
ഏറ്റവും പ്രസക്തവും നിത്യജീവിതവുമായി ബന്ധപ്പെട്ടതുമായ ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തിയാണ് സര്‍വേ ഫോറം തയ്യാറാക്കിയത്.  ഓരോ വ്യക്തിയ്ക്കും പുനര്‍ വിചിന്തനത്തിനും തുടരന്വേഷണത്തിനും ബോധവത്കരണത്തിനുമുള്ള സാധ്യതകള്‍ തുറന്നിടുന്ന തരത്തിലുള്ള ചോദ്യങ്ങളാണ് ഉള്‍പ്പെടുത്തിയത്.
സ്ഥിതി വിവര പഠനത്തിന്റെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തില്‍ സാക്ഷരതമുതല്‍ ഹയര്‍സെക്കന്‍ഡറിവരെയുള്ള അനൗപചാരിക വിദ്യാഭ്യാസത്തിന്റെ പഠനപ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കും. സ്ഥിതിവിവര പഠനത്തിന്റെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തില്‍ സാക്ഷരതാ തുല്യതാ പഠിതാക്കള്‍ക്കുവേണ്ടി പ്രത്യേക പഠനസാമഗ്രികള്‍ തയ്യാറാക്കുകയും ദുരന്ത പ്രതിരോധത്തെ കുറിച്ചുള്ള പ്രാഥമിക പാഠങ്ങള്‍ തുല്യതാ പഠനത്തിന്റെ ഭാഗമാക്കുകയും ചെയ്യുമെന്ന് സാക്ഷരതാ മിഷന്‍ ഡയറക്ടര്‍ ഡോ. പി.എസ്.ശ്രീകല പറഞ്ഞു.