നിർമ്മാണ ഉദ്ഘാടനം മന്ത്രി കെ രാജൻ നിർവഹിച്ചു
– 3.9 കോടി രൂപയുടെ കെട്ടിടം
വിദ്യാഭ്യാസ മേഖലയ്ക്കായി സർക്കാർ വിനിയോഗിക്കുന്ന ഓരോ പണവും നാളെയെക്കയുള്ള കരുതലും നിക്ഷേപവുമാണെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ. പട്ടിക്കാട് ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പുതിയ കെട്ടിടത്തിന്റെ നിർമ്മാണ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ഏഴു വർഷം മുമ്പ് എൻഎസ്എസിനെയും എസ് പി സി യെയും അണിനിരത്തി മാലിന്യ നിർമാർജനത്തിൽ പുത്തൻ മാതൃക സൃഷ്ടിച്ച പട്ടിക്കാട് സ്കൂളിനെ ചടങ്ങിൽ മന്ത്രി അനുമോദിച്ചു.
വിദ്യാകിരണം മിഷന്റെ ഭാഗമായി പൊതു വിദ്യാലയങ്ങളുടെ അടിസ്ഥാന സൗകര്യ വികസന പദ്ധതി പ്രകാരമാണ് പുതിയ കെട്ടിടം നിർമ്മിക്കുന്നത്. കിഫ്ബി ഫണ്ടായ 3 കോടി 90 ലക്ഷം രൂപ ചെലവഴിച്ചു കൊണ്ടാണ് പദ്ധതി നടപ്പിലാക്കുക. കിലയാണ് പ്രവർത്തികളുടെ നിർവ്വഹണ ഏജൻസി. മൂന്ന് കോടി രൂപയുടെ സ്റ്റേഡിയം നിർമ്മാണവും ഒരു കോടി രൂപയുടെ ലാബ് നിർമ്മാണവും സ്കൂളിൽ പുരോഗമിക്കുകയാണ്.
പട്ടിക്കാട് ഗവ. ഹയർ സെക്കൻഡറി സ്കൂൾ അങ്കണത്തിൽ നടന്ന പരിപാടിയിൽ തൃശൂർ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.കെ. ഡേവീസ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ ആർ രവി, ജില്ലാ പഞ്ചായത്ത് അംഗം കെ വി സജു, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് സാവിത്രി സദാനന്ദൻ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സുബൈദ അബൂബക്കർ, സ്കൂൾ പ്രിൻസിപ്പാൾ കെ എം ഏലിയാസ്, പിടിഎ പ്രസിഡണ്ട് ജയ്സൺ സാമുവൽ, എം പി ടി എ പ്രസിഡണ്ട് സുനിത, എസ് എസ് ജി കൺവീനർ പി വി സുദേവൻ, വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികൾ, വിദ്യാർത്ഥികൾ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു. കിലാ പിഎംയു ചീഫ് മാനേജർ കെ സി സുബ്രഹ്മണ്യൻ റിപ്പോർട്ട് അവതരിപ്പിച്ചു.