നേമം നിയോജക മണ്ഡലത്തിലെ തമലം ഇലങ്കം ഗാർഡൻസ് മുതൽ ശ്രീരാജേശ്വരി ക്ഷേത്രം വരെയുള്ള റോഡ്, ഏറത്ത് തമ്പുരാൻകുളം – കേശവദേവ് റോഡ്, അങ്ങേക്കോണം – ഏറത്ത് തമ്പുരാൻകുളം റോഡ് എന്നിവയുടെ നിർമ്മാണോദ്ഘാടനം മന്ത്രി വി. ശിവൻകുട്ടി നിർവഹിച്ചു. നേമം മണ്ഡലത്തിൽ നിലവിൽ 265.87 കോടി രൂപയുടെ പദ്ധതികളാണ് നടപ്പാക്കി വരുന്നതെന്ന് മന്ത്രി പറഞ്ഞു. മേജർ ഇറിഗേഷൻ വിഭാഗത്തിൽ 9.97 കോടിയുടെയും മൈനർ ഇറിഗേഷൻ വിഭാഗത്തിൽ 18.10 കോടി രൂപയുടെയും പ്രത്യേക ബിൽഡിംഗ് വിഭാഗത്തിൽ 36.49 കോടി രൂപയുടെയും റവന്യൂ കെട്ടിട വിഭാഗത്തിൽ 50 ലക്ഷം രൂപയുടെയും കിഫ്ബി റോഡ് വിഭാഗത്തിൽ 82.99 കോടിയുടെയും പാലം വിഭാഗത്തിൽ 47.76 കോടിയുടെയും കിഫ്ബി ബിൽഡിംഗ്സ് വിഭാഗത്തിൽ 22.42 കോടിയുടെയും ബിൽഡിംഗ്സ് വിഭാഗത്തിൽ 25.52 കോടിയുടെയും റോഡ് വിഭാഗത്തിൽ 22.12 കോടിയുടെയും പദ്ധതികളാണ് നിലവിൽ മണ്ഡലത്തിൽ നടപ്പാക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

എംഎൽഎയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും ഏറത്ത് തമ്പുരാൻകുളം – കേശവദേവ് റോഡ് നവീകരണത്തിനായി 12.37 ലക്ഷം രൂപയും അങ്ങേക്കോണം ഏറത്ത് തമ്പുരാൻകുളം റോഡ് നവീകരണത്തിനായി ആസ്തി വികസന ഫണ്ടിൽ നിന്നും 35.44 ലക്ഷം രൂപയും അനുവദിച്ചിരുന്നു. ഈ തുക ഉപയോഗിച്ച് പൊതുമരാമത്ത് വകുപ്പാണ് നിർമ്മാണം നടത്തുന്നത്. റസിഡൻസ് അസോസിയേഷൻ ഭാരവാഹികൾ വിവിധ രാഷ്ട്രീയ പാർട്ടി പ്രവർത്തകർ, പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.