തീരദേശ നിവാസികൾക്ക് ഏറെ ആശ്വാസമായി തൃശൂർ മെഡിക്കൽ കോളേജിൽ നിന്ന് വൈകീട്ട് അഴീക്കോട് വഴി കൊടുങ്ങല്ലൂരിലേക്ക് കെഎസ്ആർടിസി ബസ് സർവീസ് ആരംഭിച്ചു. കയ്പമംഗലം പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ നടന്ന ചടങ്ങിൽ ഇ ടി ടൈസൺ മാസ്റ്റർ എം എൽ എ ബസ് സർവീസ് ഫ്ലാഗ് ഓഫ് ചെയ്തു.

മികച്ച ചികിത്സ നേടാനാവശ്യമായ സാഹചര്യം ഒരുക്കുന്നതിന്റെ ഭാഗമായാണ് തൃശ്ശൂർ മെഡിക്കൽ കോളേജിൽ നിന്നും അഴീക്കോടിലേക്ക് കെഎസ്ആർടിസി വൈകുന്നേരത്തെ ബസ് സർവ്വീസും അനുവദിച്ചത്.

രാവിലെ അഞ്ച് മണിക്ക് കൊടുങ്ങല്ലൂർ നിന്നും അഴീക്കോട്ടേക്ക് ബസ് സർവീസ് ആരംഭിക്കും. 5. 30 മണിക്ക് അഴീക്കോട് നിന്നും അസ്മാബി കോളേജ്, താടി വളവ്, പെരിഞ്ഞനം, മൂന്നുപീടിക, തൃപ്രയാർ , വാടാനപ്പള്ളി, കാഞ്ഞാണി വഴി 7:30 ന് മെഡിക്കൽ കോളേജിൽ എത്തിച്ചേരും.

വൈകിട്ട് 4:15 ന് മെഡിക്കൽ കോളേജിൽ നിന്നും ആരംഭിക്കുന്ന ബസ് സർവീസ് തൃശൂർ, വാടാനപ്പള്ളി, തൃപ്രയാർ, പെരിഞ്ഞനം, താടിവളവ്, അസ്മാബി കോളേജ് വഴി 6,30ന് അഴീക്കോട് ജെട്ടിയിൽ എത്തിച്ചേരും.അവിടെ നിന്നും ഏഴ് മണിക്ക് അഞ്ചപ്പാലം വഴി കൊടുങ്ങല്ലൂരിലേക്ക് മടങ്ങും.

മൂന്നുപീടിക ബസ്റ്റാറ്റിൽ നടന്ന സ്വീകരണ ചടങ്ങിൽ കയ്പമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശോഭന രവി അധ്യക്ഷയായി. പെരിഞ്ഞനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വിനീത മോഹൻദാസ്, മതിലകം പഞ്ചായത്ത് പ്രസിഡൻ്റ് സീനത്ത് ബഷീർ, വാർഡ് മെമ്പർമാരായ സായിദ മുത്തുക്കോയ തങ്ങൾ, എൻ.കെ.അബ്ദുൾ നാസർ, വി.ബി ഷെഫീക്ക്, ഇസ്ഹാക്ക് പുഴങ്കരയില്ലത്ത്, ബ്ലോക്ക് പഞ്ചായത്തംഗം വി.എസ്.ജിനേഷ്, തൃശൂർ അസി. ക്ലസ്റ്റർ ഓഫീസർ കെ.ജെ.സുനിൽ തുടങ്ങിയവർ സംസാരിച്ചു.