തീരുമാനം മന്ത്രി കെ രാജൻ്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിൽ

തൃശൂർ – പൊന്നാനി കോൾ നിലങ്ങളിലെ പാടശേഖര സമിതി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇറിഗേഷൻ ആക്ട് നടപ്പിലാക്കുന്ന കാര്യത്തിൽ ഇത്തവണ തദ്സ്ഥിതി തുടരാൻ റവന്യൂ മന്ത്രി കെ രാജൻ്റെ അദ്ധ്യക്ഷതയിൽ തിരുവനന്തപുരത്ത് ചേർന്ന ഉന്നതതല യോഗത്തിൽ തീരുമാനമായി. കാർഷിക വികസന വകുപ്പ് മന്ത്രി പി പ്രസാദ്, ഇറിഗേഷൻ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ, പ്രിൻസിപ്പൽ സെക്രട്ടറിമാർ ഉൾപ്പെടെ പങ്കെടുത്ത യോഗത്തിൽ, നിലവിലെ രീതി പിന്തുടർന്ന് കോൾ പാടങ്ങളിൽ സമയബന്ധിതമായി കൃഷിയിറക്കാനും തീരുമാനിച്ചു. ഇതുമായി ബന്ധപ്പെട്ട ഉത്തരവ് അടിയന്തരമായി തയ്യാറാക്കാൻ റവന്യൂ, കൃഷി, ഇറിഗേഷൻ പ്രിൻസിപ്പൽ സെക്രട്ടറിമാരെ യോഗം ചുമതലപ്പെടുത്തി. നിലവിലെ രീതിയിൽ ആക്ടിലെ വ്യവസ്ഥകൾ പൂർണമായി പാലിച്ച് ഇത്തവണ കൃഷി ഇറക്കുക അസാധ്യമാണെന്ന വിലയിരുത്തലിൻ്റെ അടിസ്ഥാനത്തിലാണ് തദ്സ്ഥിതി തുടരാനുള്ള തീരുമാനം.

കോൾ കർഷകർക്ക് അനുഗുണമാവുന്ന രീതിയിൽ ഇറിഗേഷൻ ആക്ടിൻ്റെ ചട്ടങ്ങളിൽ ആവശ്യമായ ഭേദഗതികൾ നിർദ്ദേശിക്കാൻ യോഗം ഇറിഗേഷൻ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയെ ചുമതലപ്പെടുത്തി.

നിലവിൽ എ ഫോമും ബി ഫോമും സമർപ്പിച്ച എല്ലാ പാടശേഖര സമിതികൾക്കും എത്രയും വേഗം പമ്പിംഗ് സബ്സിഡി അനുവദിക്കാനും യോഗം ബന്ധപ്പെട്ടവർക്ക് നിർദ്ദേശം നൽകി.കഴിഞ്ഞ ദിവസം തൃശൂരിൽ ചേർന്ന ജില്ലാ കോൾ കർഷക പ്രതിനിധി വാർഷിക പൊതുയോഗത്തിൽ ഇറിഗേഷൻ ആക്ടുമായി ബന്ധപ്പെട്ട പ്രതിസന്ധി പരിഹരിക്കാൻ തിരുവനന്തപുരത്ത് ഉന്നതതല യോഗം ചേരുമെന്ന് റവന്യൂ മന്ത്രി ഉറപ്പ് നൽകിയിരുന്നു.

ജില്ലകളിലെ വിവിധ വികസന പ്രശ്നങ്ങൾ നേരിട്ടറിയാൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ സെപ്റ്റംബർ 28 ന് തൃശൂരിൽ ചേരുന്ന മേഖലാതല യോഗത്തിൽ ഇടിയഞ്ചിറ, ഏനാമാക്കൽ റഗുലേറ്ററുകൾ സംബന്ധിച്ച പ്രശ്നങ്ങൾ ചർച്ച ചെയ്യുമെന്ന് മന്ത്രി നേരത്തേ അറിയിച്ചിരുന്നു.

യോഗത്തിൽ മന്ത്രിമാർക്കു പുറമെ, കാർഷിക വികസന വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ബി അശോക്, കൃഷി ഡയരക്ടർ ജോർജ് സെബാസ്റ്റ്യൻ, ലാൻ്റ് അക്വിസിഷൻ അസിസ്റ്റൻ്റ് കമ്മീഷണർ അനു എസ് നായർ, ഇറിഗേഷൻ വകുപ്പ് ചീഫ് എഞ്ചിനീയർ ആർ പ്രിയേഷ്, തൃശൂർ ജില്ലാ കലക്ടർ വി ആർ കൃഷ്ണ തേജ, ജല വിഭവ വകുപ്പ് സെക്രട്ടറി അശോക് കുമാർ സിംഗ്, ലാൻഡ് റവന്യൂ കമ്മീഷണർ എ കൗശികൻ തുടങ്ങിയവർ പങ്കെടുത്തു.