പോലീസ് വകുപ്പ് സജ്ജീകരിച്ച സംസ്ഥാനത്തെ ആദ്യ ക്ലോറിന്‍ രഹിത നീന്തല്‍ക്കുളവും ഫിസിയോതെറാപ്പി സെന്ററും മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. പോലീസ് സേനയെ സജ്ജമാക്കുന്നതിനൊപ്പം കുട്ടികള്‍ക്കും നാട്ടുകാര്‍ക്കും ഗുണകരമാകുകയെന്ന ഉദ്ദേശത്തോടെയാണ് പുതിയ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

നമ്മുടെ നാട്ടില്‍ നീന്തലിനുള്ള താത്പര്യം വര്‍ധിക്കുന്ന കാലഘട്ടത്തില്‍ കൂടുതല്‍ മികവുറ്റ താരങ്ങളെ വാര്‍ത്തെടുക്കാന്‍ നീന്തല്‍ക്കുളത്തിന് കഴിയും. സ്‌പോര്‍ട്‌സ് രംഗത്ത് സ്വാഭാവികമായി ഉണ്ടാകുന്ന പരിക്കുകള്‍ക്ക് പെട്ടെന്ന് ചികിത്‌സ നല്‍കാന്‍ ഫിസിയോതെറാപ്പി സെന്റര്‍ ഉപകരിക്കും. ഇതിനായി നട്ടെല്ലിനുള്ള ക്ഷതംവരെ ചികിത്‌സിക്കാന്‍ സഹായിക്കുന്ന ഉപകരണങ്ങള്‍ ഇവിടെ ഇറക്കുമതി ചെയ്തിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
തിരുവനന്തപുരത്തെ ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയം കോംപ്ലക്‌സിലാണ് പുതിയ നീന്തല്‍ക്കുളം സജ്ജമാക്കിയത്. ഇതിനോട് ചേര്‍ന്ന് കുട്ടികള്‍ക്കായി രാസവസ്തുരഹിത നീന്തല്‍ക്കുളവും ഒരുക്കിയിട്ടുണ്ട്.
സെമി ഒളിമ്പിക് പരിശീലന നീന്തല്‍ കുളത്തിന് കടല്‍പക്ഷിയായ ആല്‍ബട്രോസിന്റെ പേരാണ് ഇട്ടിരിക്കുന്നത്. പ്രോഗ്രസ് എന്ന പേരിലാണ് പോലീസിന്റെ ഫിസിയോ തെറാപ്പി സെന്റര്‍ ആരംഭിച്ചിരിക്കുന്നത്.

നീന്തല്‍ക്കുളത്തിലും, ഫിസിയോതെറാപ്പി സെന്റിറിലും പൊതുജനങ്ങള്‍ക്ക് പ്രവേശനം അനുവദിക്കും. മാസം 2000 രൂപയാണ് പൊതുജനങ്ങള്‍ക്ക് നീന്തല്‍ക്കുളം ഉപയോഗിക്കാനുള്ള ഫീസ്. പോലീസ് ഉദ്യോഗസ്ഥര്‍ 1000 രൂപ നല്‍കിയാല്‍ മതി. കുട്ടികള്‍ക്ക് 1500 രൂപയും പോലീസ് ഉദ്യോഗസ്ഥരുടെ മക്കള്‍ക്ക് 750 രൂപയുമാണ് ഒരു മാസത്തെ നിരക്ക്. കൂടാതെ ഏതൊരാള്‍ക്കും 100 രൂപ നല്‍കിയാല്‍ ഒരു മണിക്കൂര്‍ നീന്താനാകും.
ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയം കോംപ്ലക്‌സിലെ ബാസ്‌കറ്റ് ബോള്‍ കോര്‍ട്ടില്‍ നടക്കുന്ന ചടങ്ങില്‍ വി.എസ്. ശിവകുമാര്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. മേയര്‍ വി.കെ പ്രശാന്ത്, ഡി.ജി.പി ലോക്‌നാഥ് ബെഹറ, എ.ഡി.ജി.പി സൗത്ത് സോണ്‍ അനില്‍കാന്ത്, മുഖ്യമന്ത്രിയുടെ പോലീസ് ഉപദേഷ്ടാവ് രമണ്‍ ശ്രീവാസ്തവ, മറ്റു ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.