കൊണ്ടോട്ടി നഗരസഭയുടെ നേതൃത്വത്തിൽ കൊണ്ടോട്ടി, നെടിയിരുപ്പ് കൃഷിഭവനുകളുടെ സഹകരണത്തോടെ സംഘടിപ്പിച്ച കർഷക ദിനാചരണം നഗരസഭാ ചെയർപേഴ്‌സൺ സി.ടി. ഫാത്തിമത്ത് സുഹ്‌റാബി ഉദ്ഘാടനം ചെയ്തു. മോയിൻകുട്ടി വൈദ്യർ സ്മാരക അക്കാദമിയിൽ നടന്ന ചടങ്ങിൽ മികച്ച കർഷകർക്കുള്ള അവാർഡുകൾ വിതരണം ചെയ്തു.

കൊണ്ടോട്ടി, നെടിയിരുപ്പ് കൃഷിഭവനുകൾക്ക് കീഴിലുള്ള മികച്ച 22 കർഷകരെ നഗരസഭാ ചെയർപേഴ്‌സൺ പൊന്നാടയണിയിച്ച് ആദരിച്ചു. ഉപഹാരമായി പ്ലാവ് തൈകളും സ്‌പ്രേയറും വിതരണം ചെയ്തു. മികച്ച വിദ്യാർഥി കർഷകർക്കും കൃഷി പ്രോത്സാഹിപ്പിക്കുന്ന സ്‌കൂളുകൾക്കും പ്രത്യേക ഉപഹാരം നൽകി. ചടങ്ങിൽ നഗരസഭാ വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്‌സൺ സി. മിനിമോൾ അധ്യക്ഷത വഹിച്ചു. കൊണ്ടോട്ടി അഗ്രികൾച്ചർ ഓഫീസർ ഇസ്‌ന, സ്ഥിരം സമിതി അധ്യക്ഷരായ അഷ്‌റഫ് മടാൻ, അബീന പുതിയറക്കൽ, റംല കൊടവണ്ടി, നഗരസഭാ കൗൺസിലർമാർ, നെടിയിരുപ്പ് അഗ്രികൾച്ചർ ഓഫീസർ കെ.പി ഷമീന, അസിസ്റ്റൻറ് അഗ്രികൾച്ചർ ഓഫീസർ സന്തോഷ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.