കാലാവസ്ഥാ വ്യതിയാനം മൂലമുള്ള വെല്ലുവിളികളെ നേരിട്ട്, കാര്‍ഷിക മേഖലയില്‍ സ്വയം പര്യാപ്തത നേടുക എന്നതാണ് സര്‍ക്കാരിന്റെ പ്രധാന ലക്ഷ്യമെന്ന് ആരോഗ്യ-വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. മെഴുവേലി ഗ്രാമപഞ്ചായത്തിന്റെയും കൃഷി വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തില്‍ നടത്തിയ കര്‍ഷക ദിനാചരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ആരോഗ്യത്തിനും വിഷരഹിതമായ ഭക്ഷണം ലഭിക്കുന്നതിനും സാമ്പത്തിക ശാക്തീകരണത്തിനും സ്വയം പര്യാപ്തത ഏറെ അനിവാര്യമാണെന്നും മന്ത്രി പറഞ്ഞു.

ഈ കാര്‍ഷിക വര്‍ഷത്തില്‍ സംസ്ഥാനത്തെ കാര്‍ഷിക മേഖലയില്‍ ഏറെ പ്രാധാന്യം ചെലുത്തിയ ഒന്നാണ് കാപ്കോ കമ്പനി. കര്‍ഷകര്‍ക്ക് പ്രയോജനപ്രദമായ പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജം നല്‍കുന്നതിനാണ് സര്‍ക്കാര്‍ ഇത്തരത്തിലുള്ള കമ്പനികള്‍ക്ക് രൂപം നല്‍കിയിരിക്കുന്നത്. സൂക്ഷ്മതല ആസൂത്രണത്തിലൂടെ വ്യക്തി ജീവിതത്തിന്റെയും കുടുംബ ജീവിതത്തിന്റെയും സാമൂഹിക ജീവിതത്തിന്റെയും ഗുണ നിലവാരം വര്‍ധിപ്പിക്കുന്നതിന് വേണ്ടി, മെഴുവേലി ഗ്രാമപ്പഞ്ചായത്ത് മികച്ച, മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ച വക്കുന്നുണ്ട്. കഴിഞ്ഞ കാര്‍ഷിക വര്‍ഷത്തില്‍ മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ നിര്‍മിക്കുന്നതിനും അവക്ക് വിപണി കണ്ടെത്തുന്നതിനുമുള്ള ശ്രമങ്ങള്‍ വലിയതോതില്‍ നടന്നിട്ടുണ്ട്. കാര്‍ഷിക വൃത്തിയില്‍ ആധുനിക സാങ്കേതിക വിദ്യകള്‍ ഉപയോഗിക്കുമ്പോഴും, വിഷരഹിതമായ പഴങ്ങളും പച്ചക്കറികളും വിപണിയിലെത്തിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളാണ് ഇവിടെ നടക്കുന്നത്. അതിലൂടെ പഞ്ചായത്തിലെ കര്‍ഷകര്‍ക്കും പഞ്ചായത്തിലെ ആളുകള്‍ക്കും സാമ്പത്തിക ശാക്തീകരണം സാധ്യമാകുമെന്നും മന്ത്രി പറഞ്ഞു. കാര്‍ഷിക മേഖലയില്‍ മികവ് തെളിയിച്ച കര്‍ഷകരെയും കര്‍ഷക തൊഴിലാളികളെയും മന്ത്രി ചടങ്ങില്‍ ആദരിച്ചു.

നെടിയകാല മേനോന്‍ സ്മാരക ഗ്രന്ഥശാല ഹാളില്‍ വച്ച് നടന്ന ചടങ്ങില്‍ മെഴുവേലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പിങ്കി ശ്രീധര്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് അനില ചെറിയാന്‍, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ വിനീതാ അനില്‍, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ രജനി അശോകന്‍, ത്രിതല പഞ്ചായത്ത് അംഗങ്ങള്‍, എം മെഴുവേലി സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ടി.കെ ജനാര്‍ദ്ദനന്‍, കൃഷി ഓഫീസര്‍ ലിനി ജേക്കബ്, അസിസ്റ്റന്റ് ഡയറക്ടര്‍ ഓഫ് അഗ്രികള്‍ച്ചര്‍ സി.ആര്‍ രശ്മി, കര്‍ഷകര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.