കേരളശ്ശേരി ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും നേതൃത്വത്തില്‍ നടന്ന കര്‍ഷകദിനാചരണത്തില്‍ പഞ്ചായത്തിലെ വിവിധ കാര്‍ഷിക മേഖലകളിലെ മികച്ച മാതൃകാ കര്‍ഷകരെ ആദരിച്ചു. മികച്ച വനിത കര്‍ഷക കല്ല്യാണി, ജൈവ കര്‍ഷകന്‍ രവീന്ദ്രനാഥ്, വിദ്യാര്‍ത്ഥി കര്‍ഷകന്‍ അവിനാഷ്, മുതിര്‍ന്ന കര്‍ഷകന്‍/കര്‍ഷക സേതുമാധവന്‍, അമ്മിണി, പട്ടികജാതി/പട്ടികവര്‍ഗ വിഭാഗം കര്‍ഷക ഗീത, സമ്മിശ്ര കര്‍ഷകന്‍ മുരളീധരന്‍, ക്ഷീരകര്‍ഷക ക്ഷീരസഹകരണസംഘം കുസുമം, രമ, കര്‍ഷക തൊഴിലാളി വടക്കുംപുറം വേലായുധന്‍ എന്നിവരെയാണ് ജില്ലാ പഞ്ചായത്തംഗം എ. പ്രശാന്ത് ആദരിച്ചത്.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീബ സുനില്‍ അധ്യക്ഷയായ പരിപാടി പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. സേതുമാധവന്‍ ഉദ്ഘാടനം ചെയ്തു. മികച്ച പാടശേഖരസമിതിക്കുള്ള എവര്‍റോളിങ് ട്രോഫി ചെറുകര പാടശേഖര കണ്‍വീനര്‍ ഗംഗാധരന് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫെബിന്‍ റഹ്മാന്‍ കൈമാറി. പരിപാടിയില്‍ കൃഷി ഓഫീസര്‍ രേവതി, കൃഷി അസിസ്റ്റന്റ് വന്ദന, പഞ്ചായത്ത് മെമ്പര്‍, ബ്ലോക്ക് മെമ്പര്‍മാര്‍, സഹകരണ സംഘം പ്രസിഡന്റുമാര്‍, കാര്‍ഷിക വികസന സമിതി അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.