ജില്ലാതല ഉദ്ഘാടനം നടന്നു

അട്ടപ്പാടി മേഖലയിലെ വിദ്യാഭ്യാസ പുരോഗതി ലക്ഷ്യമിട്ട് പൊതുവിദ്യാഭ്യാസ വകുപ്പിന്റേയും സമഗ്ര ശിക്ഷാ കേരളയുടെയും ആഭിമുഖ്യത്തില്‍ അട്ടപ്പാടിയില്‍ നടപ്പാക്കുന്ന ‘പഠിപ്പുരുസി’ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍ നിര്‍വഹിച്ചു. കുട്ടികള്‍ക്ക് രസകരമായി പാഠ്യാനുഭവങ്ങള്‍ നേടുന്നതിനാവശ്യമായ പ്രവര്‍ത്തനങ്ങള്‍ പഠിപ്പുരസി പദ്ധതിയെ വേറിട്ടതാക്കുന്നതായും ജില്ലാ പഞ്ചായത്തിന്റെ സമ്പൂര്‍ണ പിന്തുണ പദ്ധതി വിജയത്തിനായി വാഗ്ദാനം ചെയ്യുന്നതായും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.

മലയാള പാഠപുസ്തകങ്ങളിലെ പല ഭാഗങ്ങളും തുടര്‍ പ്രവര്‍ത്തനങ്ങളും കുറുംബ ഭാഷയിലേക്ക് മാറ്റി വിദ്യാര്‍ത്ഥികളെ പഠനത്തിലേക്ക് അടുപ്പിക്കുന്നു. അതുവഴി പഠനത്തിലുള്ള വിദ്യാര്‍ത്ഥികളുടെ പിന്തിരിയല്‍ ഒഴിവാക്കുകയാണ് പദ്ധതി ലക്ഷ്യമിടുന്നത്. ജില്ലയില്‍ ആദ്യമായാണ് ഗോത്രമേഖലയില്‍ ഇത്തരത്തിലുള്ള പദ്ധതി നടപ്പാക്കുന്നത്.
ആദ്യഘട്ടത്തില്‍ അട്ടപ്പാടിയിലെ കുറുംബ വിഭാഗത്തിലെ ആനവായ് ഗവ. ട്രൈബല്‍ എല്‍.പി, ഗോട്ടിയാര്‍ഗണ്ടി സ്‌കൂളുകളിലെ മൂന്ന്, നാല് ക്ലാസുകളിലെ വിദ്യാര്‍ത്ഥികളിലാണ് പദ്ധതി നടപ്പാക്കുന്നത്. ഗോത്രഭാഷയിലൂടെ വിദ്യാര്‍ത്ഥികള്‍ക്ക് പഠനം കൂടുതല്‍ എളുപ്പമാക്കുകയാണ് ലക്ഷ്യം. കുറുംബ ഗോത്രഭാഷയിലൂടെ മലയാള ഭാഷയിലേക്കടുപ്പിക്കുന്ന പ്രത്യേക പാഠ്യരീതിയാണ് പദ്ധതിയില്‍ അവലംബിക്കുന്നത്.

കുറുംബ ഭാഷയെയും മലയാളത്തെയും സൂക്ഷ്മ തലത്തില്‍ അടുപ്പിക്കുന്ന പ്രത്യേക മൊഡ്യൂള്‍ വഴി അധ്യാപനം നടത്തുന്നു എന്നതാണ് പദ്ധതിയുടെ പ്രത്യേകത. പഠിതാവിന്റെ സാമൂഹിക അന്തരീക്ഷം മെച്ചപ്പെടുത്തുക വഴി വിദ്യാഭ്യാസ പുരോഗതി ഉറപ്പാക്കാനും പദ്ധതി പ്രത്യേകം ശ്രദ്ധ ചെലുത്തുന്നു. പദ്ധതിക്കാവശ്യമായ മുഴുവന്‍ പഠനോപകരണങ്ങളും കുറുമ്പ സര്‍വീസ് സഹകരണ സംഘം ആനവായ് ഗവ ട്രൈബല്‍ എല്‍.പി. സ്‌കൂളിന് കൈമാറി.

ആനവായ് ഗവ ട്രൈബല്‍ എല്‍.പി. സ്‌കൂളില്‍ നടന്ന പരിപാടിയില്‍ അഗളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അംബിക ലക്ഷ്മണന്‍ അധ്യക്ഷയായി. ജില്ലാ പ്രൊജക്ട് കോ-ഓര്‍ഡിനേറ്റര്‍ കെ. ജയപ്രകാശ്, ജില്ലാ പ്രൊജക്ട് ഓഫീസര്‍ ഡോ. വി.പി. ഷാജുദ്ദീന്‍, അസിസ്റ്റന്റ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ എന്‍. ഗണേശന്‍, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ സി. അബൂബക്കര്‍, അഗളി ബ്ലോക്ക് പ്രൊജക്ട് കോര്‍ഡിനേറ്റര്‍ കെ.ടി. ഭക്തഗിരീഷ്, പുതൂര്‍ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ എന്‍. വത്സല കുമാരി, കുറുമ്പ സര്‍വീസ് സഹകരണ സംഘം പ്രസിഡന്റ് കെ.എസ്. മുരുകന്‍, ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസര്‍ പി.ജി. ബാലമുരളി, പഞ്ചായത്തംഗം സെന്തില്‍ കുമാര്‍, പ്രധാനധ്യാപകന്‍ പി.പി. പ്രകാശന്‍ എന്നിവര്‍ പങ്കെടുത്തു.