2022 -23 വർഷത്തെ സംസ്ഥാനത്തെ മികച്ച കൃഷിഭവനുള്ള പ്രഥമ വി.വി രാഘവൻ മെമ്മോറിയൽ കൃഷിഭവൻ പുരസ്കാരം ആലത്തൂർ കൃഷിഭവൻ സംഘം കൃഷി വകുപ്പ് മന്ത്രി പി. പ്രസാദിൽ നിന്ന് കെ.ഡി പ്രസേനൻ എം.എൽ.എയുടെ സാന്നിധ്യത്തിൽ ഏറ്റു വാങ്ങി. കാർഷികമേഖലയുടെ വികസനത്തിന് കൃഷിഭവനുകൾ രൂപീകരിച്ച മുൻ കൃഷി മന്ത്രി വി.വി രാഘവന്റെ സ്മരണാർത്ഥം കൃഷി വകുപ്പ് പുതുതായി ഏർപ്പെടുത്തിയ പുരസ്കാരമാണ് ആലത്തൂർ കൃഷിഭവന് ലഭിച്ചത്. അഞ്ച് ലക്ഷം രൂപയും ഫലകവും സർട്ടിഫിക്കറ്റുമടങ്ങുന്നതാണ് പുരസ്കാരം. തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിലാണ് അവാർഡ് ഏറ്റുവാങ്ങിയത്.