ഭരണഘടനയെ കുറിച്ചുള്ള പൊതു അവബോധം സൃഷ്ടിക്കുന്നതിന്റെ അനിവാര്യത കൂടുതല്‍ ശക്തിപ്പെട്ടുവരുന്ന കാലമാണിതെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ രാജന്‍. വെള്ളാങ്ങല്ലൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ സമ്പൂര്‍ണ്ണ ഭരണഘടനാ സാക്ഷരതയിലേക്ക് തുടര്‍ പദ്ധതി പ്രഖ്യാപനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

ഇന്ത്യയുടെ ഭരണഘടന കുറ്റം ചെയ്തവരെ ശിക്ഷിക്കാനുള്ള വകുപ്പുകള്‍ അടങ്ങുന്ന പുസ്തകമല്ലെന്നും നമുക്ക് നല്‍കപ്പെട്ട അവകാശങ്ങളെ പോലെ തന്നെ നമ്മുടെ കര്‍ത്തവ്യങ്ങളെ കുറിച്ചും വിശദമായി പറയുന്ന ലോകത്തിലെ തന്നെ ഏറ്റവും സവിശേഷമായ ഭരണഘടനയാണ് അതെന്നും മന്ത്രി പറഞ്ഞു. ഭരണഘടന ഇന്ത്യയുടെ ആത്മാവാണ്. അതിന്റെ സത്തയെ പുതിയ തലമുറയിലേക്ക് പകര്‍ന്നുനല്‍കാനുള്ള ശ്രമങ്ങള്‍ ശ്ലാഘനീയമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

കരൂപ്പടന്ന പ്രിന്‍സ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ വി ആര്‍ സുനില്‍കുമാര്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. വിവിധ മേഖലകളില്‍ സംസ്ഥാന ദേശീയ പുരസ്‌കാരം നേടിയവര്‍ക്കുള്ള ആദരവും ‘എന്റെ പാടം എന്റെ പുസ്തകം’ കലോത്സവം, ഭരണഘടന ക്വിസ് മല്‍സര വിജയികള്‍ക്കുള്ള സമ്മാനവും ചടങ്ങില്‍ വിതരണം ചെയ്തു.

മികച്ച ബാലതാരം അവാര്‍ഡ് ജേതാവ് മാസ്റ്റര്‍ ഡാവിഞ്ചി, കുട്ടികളുടെ മികച്ച ചിത്രത്തിന്റെ സംവിധായകന്‍ ജിതിന്‍ രാജ്, സംസ്ഥാന യുവകര്‍ഷക അവാര്‍ഡ് ജേതാവ് ശ്യാമോഹന്‍, ദേശീയ സസ്യ ജനിതക സംരക്ഷണ പുരസ്‌കാര ജേതാവ് ഇ ആര്‍ വിനോദ്, വിശിഷ്ട സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ പോലീസ് മെഡല്‍ ജേതാവ് എ എസ് ഐ മിനി പിഎ, സംസ്ഥാന മാസ്റ്റേഴ്‌സ് അത്ലറ്റിക് മീറ്റില്‍ സ്വര്‍ണമെഡല്‍ ജേതാവ് ചന്ദ്ര സുരേന്ദ്രന്‍, മിസ്റ്റര്‍ ഇന്ത്യ വെങ്കലമെഡല്‍ ജേതാവ് ഷാജഹാന്‍ അന്നിക്കര തുടങ്ങിയവരെ ചടങ്ങില്‍ ആദരിച്ചു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റര്‍ മുഖ്യാതിഥിയായി. വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വിജയലക്ഷ്മി വിനയചന്ദ്രന്‍, വൈസ് പ്രസിഡന്റ് ഉണ്ണികൃഷ്ണന്‍ കുറ്റി പറമ്പില്‍, വെള്ളാങ്കല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം എം മുകേഷ്, പടിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ എസ് തമ്പി, വിവിധ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാര്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാര്‍, വാര്‍ഡ് മെമ്പര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.