ഓണം വാരാഘോഷ പരിപാടിയുടെ സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം മേയർ ഡോ. ബീന ഫിലിപ്പ് നിർവഹിച്ചു. മാനാഞ്ചിറ ഡി ടി പി സി ഓഫീസിലാണ് സംഘാടക സമിതി ഓഫീസ് പ്രവർത്തിക്കുന്നത്. വിനോദസഞ്ചാര വകുപ്പിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെയും നേതൃത്വത്തിൽ ആഗസ്റ്റ് 27 മുതൽ സെപ്റ്റംബർ 3 വരെയാണ് ഓണാഘോഷ പരിപാടികൾ സംഘടിപ്പിക്കുന്നത്.
പരിപാടിയോടനുബന്ധിച്ച് കോളേജ് വിദ്യാർത്ഥികളുടെ ചുമർചിത്ര രചനയും സംഘടിപ്പിച്ചു.

ഓണാഘോഷ പരിപാടികളുടെ ഭാഗമായി കോഴിക്കോട് ബീച്ച്, ഭട്ട് റോഡ് ബീച്ച്, തളി, കുറ്റിച്ചിറ, മാനാഞ്ചിറ, ടൗൺ ഹാൾ, ബേപ്പൂർ തുടങ്ങിയ വേദികളിലായി വിവിധ കലാകായിക മത്സരങ്ങളും സാംസ്‌കാരിക പരിപാടികളും അരങ്ങേറും. കൂടാതെ നഗരത്തിന്റെ ഹൃദയ ഭാഗങ്ങളായ മാനാഞ്ചിറയും പരിസര പ്രദേശങ്ങളും ഉള്‍പ്പെടെയുള്ള ഭാഗങ്ങളില്‍ ആഗസ്റ്റ് 20 മുതൽ സെപ്റ്റംബർ 3 വരെ ദീപാലങ്കാരവും ഒരുക്കും.

ചടങ്ങിൽ തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ അധ്യക്ഷത വഹിച്ചു. കെ.എം സച്ചിൻ ദേവ് എംഎൽഎ, ഡെപ്യൂട്ടി മേയർ സി.പി മുസാഫർ അഹമ്മദ്, കൗൺസിലർ എസ്.കെ അബൂബക്കർ, അസിസ്റ്റന്റ് കലക്ടർ പ്രതീക് ജെയിൻ, മുൻ എംഎൽഎ പുരുഷൻ കടലുണ്ടി, ഡി ടി പി സി സെക്രട്ടറി നിഖിൽ ടി ദാസ് എന്നിവർ സംസാരിച്ചു. ജില്ലാ കലക്ടർ എ ഗീത സ്വാഗതവും എ.ഡി.എം സി മുഹമ്മദ് റഫീഖ് നന്ദിയും പറഞ്ഞു.