എസ്.സി, എസ്.ടി വിഭാഗം സ്ത്രീകളുടെ ഉന്നമനം ലക്ഷ്യമിട്ട് സാക്ഷരതാ മിഷനും മഹിളാ സമഖ്യ സൊസൈറ്റിയും സംയുക്തമായി നടപ്പാക്കുന്ന ‘മുന്നേറ്റം’ പദ്ധതിയുടെ ആലോചനാ യോഗം ചേർന്നു. മലപ്പുറം ജില്ലാ പഞ്ചായത്ത് ഹാളിൽ നടന്ന യോഗം പി.വി അബ്ദുൽ വഹാബ് എം.പി ഉദ്ഘാടനം ചെയ്തു.

സ്ത്രീകളുടെ വിദ്യാഭ്യാസം, ജീവിത നിലവാരം, തൊഴിൽ നൈപുണി എന്നിവ മെച്ചപ്പെടുത്തി സാമൂഹികമായി ഉയർത്തിക്കൊണ്ടുവരിക എന്നതാണ് പദ്ധികൊണ്ട് ലക്ഷ്യമിടുന്നത്. സ്ത്രീകളുടെ പോഷകാഹാരം, ഭക്ഷണ രീതി, പ്രത്യുത്പാദനം, വ്യക്തി ശുചിത്വം, തുടങ്ങിയ വിഷയങ്ങളിൽ ബോധവത്കരണം നടത്തി അതുവഴി ആരോഗ്യ സ്ഥിതി മെച്ചപ്പെടുത്തുക, പട്ടികജാതി-പട്ടികവർഗം വിഭാഗം മേഖലയിൽ പ്രത്യേക പ്രവർത്തനങ്ങൾ ആവിഷ്‌കരിച്ച് നടപ്പാക്കുക എന്നിവയും പദ്ധതിയുടെ ഭാഗമായി നടപ്പാക്കും.

വിവിധ കാരണങ്ങൾക്കൊണ്ട് തുടർപഠനം നിലച്ച പട്ടികജാതി, പട്ടിക വിഭാഗങ്ങളിലെ സ്ത്രീകൾക്ക് നാലാം തരം, ഏഴാം തരം, പത്താം തരം, ഹയർ സെക്കൻഡറി ക്ലാസുകളിലേയ്ക്ക് തുടർ വിദ്യാഭ്യാസത്തിന് അവസരമൊരുക്കയാണ് ആദ്യഘട്ടത്തിൽ ചെയ്യുക. ഇതിന്റെ രജിസ്ട്രേഷൻ മഹിളാ സമഖ്യ സൊസൈറ്റിയും സാമ്പത്തിക സഹായം ജൻ ശിക്ഷണ്‍ സൻസ്ഥാനും(ജെ.എസ്.എസ്)വഹിക്കും.

കൂടാതെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന പഠിതാക്കൾ ജില്ലാ മഹിളാ സമഖ്യ ഓഫീസറുടെ സാക്ഷ്യപത്രം ഹാജരാക്കുകയാണെങ്കിൽ ഫീസിളവും ലഭിക്കും. അതത് എസ്.സി, എസ്.ടി പദ്ധതി പ്രദേശത്ത് യോഗ്യരായവരുണ്ടെങ്കിൽ അവരെ ഓരോ പഠന കേന്ദ്രത്തിലെയും അധ്യാപകരായി നിയമിക്കും. പദ്ധതിയുടെ ഭാഗമാക്കാൻ നടത്തിയ സർവേയിൽ നിലവിൽ മലയോര മേഖലയിൽ നിന്ന് 218 പേരെ കണ്ടെത്തിയിട്ടുണ്ട്.സെപ്തംബർ അഞ്ച് വരെയാണ് രജിസ്‌ട്രേഷൻ നടത്തുന്നത്. പരിപാടിയിൽ ജില്ലാ പഞ്ചായത്ത് അംഗം സമീറ പുളിക്കൽ, ജൻ ശിക്ഷണ്‍ സൻസ്ഥാൻ ഡയറക്ടർ വി. ഉമ്മർ കോയ, മഹിളാ സമഖ്യ സൊസൈറ്റി അസോസിയേറ്റ് ഡയറക്ടർ എൽ രമാദേവി,ജില്ലാ കോർഡിനേറ്റർ എം. റജീന, വുമൺസ് പ്രാട്ടക്ഷൻ ഓഫീസർ ടി.എം ശ്രുതി, കുടുംബശ്രീ എ.ഡി.എം.സി മുഹമ്മദ് കട്ടുപാറ, ഡെപ്യൂട്ടി പ്ലാനിങ് ഓഫീസര്‍ ടി. ജ്യോതിമോൾ, പട്ടികജാതി വികസന വകുപ്പ് ജൂനിയർ സൂപ്രണ്ട് സി. അനിൽ കുമാർ, ഹോപ്പ് ജില്ലാ കോർഡിനേറ്റർ സി.വി അനിൽകുമാർ എന്നിവർ സംബന്ധിച്ചു. സാക്ഷരതാ മിഷൻ അസിസ്റ്റൻറ് കോർഡിനേറ്റർ എം. മുഹമ്മദ് ബഷീർ സ്വാഗതവും മഹിളാ സമഖ്യ പ്രതിനിധി സരിത നന്ദിയും പറഞ്ഞു.