കൃഷി രീതിയില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്താന്‍ നിര്‍ദ്ദേശം

ജില്ലയില്‍ മഴ ലഭ്യതയിലുണ്ടായ വലിയ തോതിലുള്ള കുറവ് അണക്കെട്ടുകളിലെ ജലനിരപ്പ് കുത്തനെ കുറയാന്‍ കാരണമായതായി വിലയിരുത്തല്‍. ഇതുമായി ബന്ധപ്പെട്ട് ചേര്‍ന്ന ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗമാണ് ജില്ലയിലെ അണക്കെട്ടുകളിലെ ജലനിരപ്പ് അവലോകനം ചെയ്തത്. ഇത്തവണ നല്ല രീതിയില്‍ തുലാവര്‍ഷം ലഭിക്കാത്ത പക്ഷം ജില്ലയ്ക്ക് കനത്ത വരളര്‍ച്ചയെ നേരിടേണ്ടിവരുമെന്നാണ് വിലയിരുത്തല്‍.

ജൂണ്‍ മുതല്‍ ആഗസ്ത് വരെയുള്ള കാലയളവില്‍ ജില്ലയില്‍ സാധാരണഗതിയില്‍ 1695 മില്ലീമീറ്റര്‍ മഴ ലഭിക്കാറുള്ള സ്ഥാനത്ത് ഈ വര്‍ഷം 868 മില്ലീമീറ്റര്‍ മാത്രമാണ് ലഭിച്ചതെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നത്. അഥവാ 49 ശതമാനം കുറവാണ് ഈ വര്‍ഷം രേഖപ്പെടുത്തിയത്. ഓഗസ്റ്റ് മാസത്തിലെ മാത്രം കണക്കെടുത്താന്‍ കഴിഞ്ഞ വര്‍ഷം ആദ്യ 18 ദിവസങ്ങളില്‍ 307 മില്ലീമീറ്ററിലേറെ മഴ ലഭിച്ചപ്പോള്‍ ഇത്തവണ അത് 23 മില്ലീമീറ്റര്‍ മാത്രമാണ്. അഥവാ 92 ശതമാനത്തിന്റെ കുറവ്.

മഴയിലുണ്ടായ ഈ ഗണ്യമായ കുറവ് ജില്ലയിലെ അണക്കെട്ടുകളിലെയും നദികളിലെയും ജലനിരപ്പില്‍ വലിയ തോതിലുള്ള കുറവുണ്ടാക്കി. കൃഷിക്കും കുടിവെള്ളത്തിനും ജില്ല പ്രധാനമായും ആശ്രയിക്കുന്ന അണക്കെട്ടുകളിലൊന്നായ പീച്ചി ഡാമില്‍ കഴിഞ്ഞ വര്‍ഷം 67 ശതമാനത്തിലേറെ വെള്ളമുണ്ടായിരുന്ന സ്ഥാനത്ത് നിലവില്‍ 23 ശതമാനം മാത്രമാണ് വെള്ളത്തിന്റെ അളവ്. ചിമ്മിനി ഡാമില്‍ നിലവില്‍ 30.7 ശതമാനമാണ്് നിലവിലെ ജലലഭ്യത. കഴിഞ്ഞ വര്‍ഷം ഇത് 80 ശതമാനമായിരുന്നു. വാഴാനിയിലാവട്ടെ, കഴിഞ്ഞ വര്‍ഷം 73 ശതമാനം വെള്ളമുണ്ടായിരുന്ന സ്ഥാനത്ത് നിലവില്‍ 34 ശതമാനം മാത്രമാണ് വെള്ളത്തിന്റെ അളവ്.

വരും നാളുകളില്‍ നല്ല തോതില്‍ മഴ ലഭിച്ചില്ലെങ്കില്‍ കുടിക്കാനും കൃഷി ചെയ്യാനും ആവശ്യമായ വെള്ളം ഡാമുകളില്‍ ഉണ്ടാവാനിടയില്ലെന്ന് യോഗം വിലയിരുത്തി. ഇത്തരമൊരു സാഹചര്യത്തില്‍ ജലത്തിന്റെ ഉപയോഗം പരമാവധി കുറയ്ക്കുന്ന രീതിയില്‍ വിത്തിറക്കുന്ന സമയം, ഉപയോഗിക്കുന്ന വിത്തുകളുടെ സ്വഭാവം, ഏതൊക്കെ കൃഷികള്‍ ചെയ്യാം തുടങ്ങിയ കാര്യങ്ങളില്‍ എത്രയും വേഗം വ്യക്തമായ പദ്ധതി തയ്യാറാക്കാന്‍ കാര്‍ഷിക വികസന വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് യോഗം നിര്‍ദ്ദേശം നല്‍കി.

ശക്തമായ വരളര്‍ച്ച ഉണ്ടാവാനിടയുള്ള സാഹചര്യത്തില്‍ കര്‍ഷകര്‍ക്ക് ഉണ്ടാകുന്ന നഷ്ടം കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെയാണ് കൃഷിയിടങ്ങളുടെ സ്വഭാവത്തിനും ജലസ്രോതസ്സുകളുടെ ലഭ്യതയ്ക്കും അനുസരിച്ച് പ്രാദേശിക കാര്‍ഷിക കലണ്ടര്‍ തയ്യാറാക്കാന്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഇക്കാര്യം കര്‍ഷകരെ ബോധ്യപ്പെടുത്താനും ബന്ധപ്പെട്ടവര്‍ക്ക് യോഗം നിര്‍ദ്ദേശം നല്‍കി.

പരമാവധി നേരത്തേ കൃഷിയിറക്കിയും ഹ്രസ്വകാല വിളകള്‍ തെരഞ്ഞെടുത്തും പ്രതിസന്ധിയെ മറികടക്കാനാവണം. വിളകള്‍ ഇന്‍ഷൂര്‍ ചെയ്യാന്‍ കര്‍ഷകരെ പ്രോത്സാഹിപ്പിക്കണം. വരള്‍ച്ച രൂക്ഷമാവുന്ന പശ്ചാത്തലത്തില്‍ അണക്കെട്ടുകളിലെ ജലം കുടിവെള്ളത്തിനായി കൂടുതല്‍ വെള്ളം ഉപയോഗിക്കേണ്ടിവരുമെന്നതിനാല്‍ കൂടിയാണിത്.

കലക്ടറേറ്റ് കണ്‍ട്രോള്‍ റൂമില്‍ ചേര്‍ന്ന യോഗത്തില്‍ ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കലക്ടര്‍ ഡോ. എം സി റെജില്‍ അധ്യക്ഷനായി. എല്‍എസ്ജിഡി അസിസ്റ്റന്റ് ഡയരക്ടര്‍ കെ വി ആന്‍സണ്‍ ജോസഫ്, മേജര്‍ ഇറിഗേഷന്‍ ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ടി കെ ജയരാജ്, മൈനര്‍ ഇറിഗേഷന്‍ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ എസ് സീന ബീഗം, കെഎല്‍ഡിസി പ്രൊജക്ട് എഞ്ചിനീയര്‍ സി കെ ഷാജി, പ്രിന്‍സിപ്പല്‍ അഗ്രിക്കള്‍ച്ചര്‍ ഓഫീസ് ടെക്‌നിക്കല്‍ അസിസ്റ്റന്റ് എല്‍ ശ്രീലേഖ, ഹസാഡ് അനലിസ്റ്റ് സുസ്മി സണ്ണി, കൃഷി അസിസ്റ്റന്റ് ഡയരക്ടര്‍മാര്‍, കേരള വാട്ടര്‍ അതോറിറ്റി എഞ്ചിനീയര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.