പട്ടികജാതി വിഭാഗം വിദ്യാര്‍ത്ഥികളുടെ പഠനസൗകര്യത്തിനും പഠനാന്തരീക്ഷം മെച്ചപ്പെടുത്തുന്നതിനുമായി പട്ടികജാതി വികസന നടപ്പാക്കുന്ന പഠനമുറി പദ്ധതി പ്രകാരം തേങ്കുറിശ്ശി ഗ്രാമപഞ്ചായത്തില്‍ 2022-23 സാമ്പത്തിക വര്‍ഷത്തില്‍ 21 പഠനമുറികള്‍ പൂര്‍ത്തിയായി. 21 ബിരുദ വിദ്യാര്‍ത്ഥിനികളാണ് ഗുണഭോക്താക്കള്‍. ഗ്രാമപഞ്ചായത്ത് രണ്ട് ലക്ഷം രൂപ വീതമാണ് പഠനമുറി നിര്‍മിക്കുന്നതിന് ഉപഭോക്താക്കള്‍ക്ക് അനുവദിക്കുന്നത്. 800 ചതുരശ്ര അടിയില്‍ അധികരിക്കാത്ത വീടിനോട് ചേര്‍ന്നോ മുകളിലത്തെ നിലയിലോ പരമാവധി 120 ചതുരശ്ര അടി വിസ്തീര്‍ണത്തിലാണ് പഠനമുറി നിര്‍മിക്കുന്നത്. 50,000, 75,000, 75,000 രൂപ വീതം മൂന്ന് ഗഡുക്കളായാണ് തുക അനുവദിക്കുന്നത്. പഠനമുറിയില്‍ ടേബിള്‍, കസേര, ബുക്ക് റൂം തുടങ്ങിയ സൗകര്യം നല്‍കുന്നുണ്ട്. 2023-24 വര്‍ഷം 12 പഠനമുറി അനുവദിച്ചു. ഇവര്‍ക്കുള്ള ആദ്യ ഗഡു വിതരണം സെപ്റ്റംബറില്‍ നടക്കും.

2023-24 വര്‍ഷം തേങ്കുറുശ്ശി ഗ്രാമപഞ്ചായത്തിലെ എട്ട് മുതല്‍ പ്ലസ് ടു വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കാണ് പഠനമുറി അനുവദിക്കുക. വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന സ്‌കൂളിന്റെ സാക്ഷ്യപത്രം, ആധാര്‍, ബി.പി.എല്‍ റേഷന്‍ കാര്‍ഡ്, രക്ഷിതാക്കളുടെ തിരിച്ചറിയല്‍ രേഖകള്‍ ഉള്‍പ്പെടെയുള്ള അടിസ്ഥാന വിവരങ്ങള്‍ ഉള്‍പ്പെടുത്തി പഞ്ചായത്തിലാണ് അപേക്ഷ നല്‍കേണ്ടത്. മുന്‍ഗണന നിശ്ചയിച്ച് ഗ്രാമസഭ അംഗീകരിച്ച ശേഷമാണ് പഠനമുറി അനുവദിക്കുക.