വിവിധ പദ്ധതികള്‍ പരിചയപ്പെടുത്തി

വ്യവസായ വാണിജ്യ വകുപ്പ്, കോട്ടായി ഗ്രാമപഞ്ചായത്ത് എന്നിവരുടെ നേതൃത്വത്തില്‍ സംരംഭകര്‍ക്ക് പദ്ധതികള്‍ പരിചയപ്പെടുത്തുന്നതിനും സംശയനിവാരണത്തിനുമായി സംരംഭകത്വ ബോധവത്ക്കരണ ശില്‍പശാല 2023 സംഘടിപ്പിച്ചു. സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങള്‍ക്കുള്ള സംരംഭകത്വ സഹായ പദ്ധതി, ഉത്പാദന മേഖലയില്‍ 50 ലക്ഷം വരെയും സേവന മേഖലയില്‍ 20 ലക്ഷം വരെയും സബ്‌സിഡി നല്‍കുന്ന പ്രധാനമന്ത്രി തൊഴില്‍ദായക പദ്ധതി, ഒരു കുടുംബം ഒരു സംരംഭം പദ്ധതി, നാനോ യൂണിറ്റുകള്‍ക്കുള്ള മാര്‍ജിന്‍ മണി ഗ്രാന്‍ഡ്, ആശ തുടങ്ങിയ പദ്ധതികളാണ് സംരംഭകര്‍ക്ക് പരിചയപ്പെടുത്തിയത്. ഇത് കൂടാതെ സംരംഭം ആരംഭിക്കുന്നവര്‍ക്കുള്ള സംശയ ദൂരീകരണവും ബോധവത്ക്കരണ ക്ലാസില്‍ നടന്നു.

പി.എഫ്.എം.ഇ ജില്ലാ റിസോഴ്‌സ്‌പേഴ്‌സണും റിട്ട. പ്രൊജക്റ്റ് ഓഫീസറുമായ ബി. ശശീന്ദ്രന്‍ പി.എഫ്.എം.ഇ (പ്രധാനമന്ത്രിയുടെ ഭക്ഷ്യ സംസ്‌കരണ സംരംഭങ്ങളുടെ രൂപവത്ക്കരണ പദ്ധതി) സ്‌കീം സംബന്ധിച്ച് വിശദീകരണം നടത്തി. പദ്ധതി പ്രകാരം ഭക്ഷ്യ സംസ്‌കരണ മേഖലയിലെ സംരംഭങ്ങള്‍ക്ക് പദ്ധതി ചെലവിന്റെ 35 ശതമാനം അളവില്‍ ഒരു യൂണിറ്റിന് പരമാവധി 10 ലക്ഷം രൂപ വരെ വായ്പാ ബന്ധിത മൂലധന സബ്‌സിഡി ലഭിക്കും. കുഴല്‍മന്ദം ബ്ലോക്ക് വ്യവസായ വികസന ഓഫീസര്‍ പി. ദീപ വ്യവസായ വകുപ്പിലെ വിവിധ പദ്ധതികള്‍, ലൈസന്‍സ് എന്നിവയെകുറിച്ച് വിശദീകരിച്ചു.

സംരംഭക വര്‍ഷത്തില്‍ ആരംഭിച്ച സംരംഭങ്ങളായ രസമുകുളം ഫുഡ് പ്രോഡക്ട് (രവി പുതുമന), കേര ലൈറ്റ് നാച്ചുറല്‍ കോക്കനട്ട് ഓയില്‍ (ലിജു), വി.കെ കായം(സുനില്‍) എന്നീ സംരംഭകര്‍ വ്യവസായ വകുപ്പില്‍ നിന്ന് ലഭിച്ച സഹായങ്ങള്‍ സംബന്ധിച്ച് സംസാരിച്ചു. അവരുടെ ഉത്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കുകയും പുതിയ സംരംഭകര്‍ക്ക് പരിചയപ്പെടുത്തുകയും വില്‍പന രീതികള്‍ വിശദീകരിക്കുകയും ചെയ്തു. വിവിധ ഉത്പന്നങ്ങളുടെ വില്‍പനയും നടന്നു.

കോട്ടായി പഞ്ചായത്ത് അങ്കണവാടി ഹാളില്‍ നടന്ന പരിപാടി കോട്ടായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ. സതീഷ് ഉദ്ഘാടനം ചെയ്തു. കോട്ടായി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ്  സി.ആര്‍ അനിത അധ്യക്ഷയായി. കുഴല്‍മന്ദം ബ്ലോക്ക് പഞ്ചായത്തംഗം കെ. കുഞ്ഞിലക്ഷ്മി, കോട്ടായി ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ രാധ മോഹനന്‍, വാര്‍ഡ് അംഗങ്ങളായ എം.ആര്‍ രജിത, കെ. രാധാകൃഷ്ണന്‍, ഗീത, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ ശാന്തകുമാരി, വ്യവസായ വാണിജ്യ ഡയറക്ടറേറ്റ് കോട്ടായി ഗ്രാമപഞ്ചായത്ത് എന്റര്‍പ്രൈസ് ഡെവലപ്‌മെന്റ് എക്‌സിക്യുട്ടീവ്(ഇ.ഡി.ഇ) എ. അശ്വിന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ശില്‍പശാലയില്‍ സംരംഭകര്‍ ഉള്‍പ്പെടെ 52 ഓളം പേര്‍ പങ്കെടുത്തു.