സംസ്ഥാനത്തെ 33 ലക്ഷം കുടുംബങ്ങളിലേക്ക് കുടിവെള്ള കണക്ഷൻ എത്തിക്കാൻ സർക്കാരിന് സാധിച്ചുവെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. കോഴിക്കോട് കോർപ്പറേഷൻ അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പാക്കുന്ന സമഗ്ര സൗജന്യ കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.  കുടിവെള്ളം, പാർപ്പിടം പോലുള്ള അടിസ്ഥാന സൗകര്യവികസന മേഖലയിൽ ഇതുവരെ ഇല്ലാത്ത മുന്നേറ്റങ്ങളാണ് സർക്കാർ നടപ്പിലാക്കുന്നത്. അമൃത് പദ്ധതി, ജൽ ജീവൻ മിഷൻ പദ്ധതി ഉൾപ്പെടെയുള്ള കുടിവെള്ള പദ്ധതികൾ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ നടപ്പിലാക്കുന്നത് കേരളത്തിൽ മാത്രമാണെന്നും മന്ത്രി പറഞ്ഞു.

ജലനിധിയിൽ 6000 ത്തോളം കുടിവെള്ള പദ്ധതികൾ നടപ്പിലാക്കി. പ്രധാന നഗരങ്ങളിൽ കുടിവെള്ള ലഭ്യത ഉറപ്പുവരുത്തുന്നതിനായി കിഫ്‌ബി ധനസഹായത്തോടുകൂടി 72 പദ്ധതികൾക്ക് 4498 കോടി രൂപയുടെ അംഗീകാരം ഇതിനകം നൽകിയതായി മന്ത്രി പറഞ്ഞു. ശുദ്ധമായ കുടിവെള്ള ലഭ്യത എന്നത് ഓരോ പൗരന്റെയും അവകാശമാണ്. ഇതിനായി അന്താരാഷ്ട്ര നിലവാരത്തിൽ 83 ലാബുകൾ കേരള വാട്ടർ അതോറിറ്റിയുടെ കീഴിൽ സംസ്ഥാനത്ത് സജ്ജമാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. മേയർ ഡോ. ബീന ഫിലിപ്പ് അധ്യക്ഷത വഹിച്ചു.

തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ മുഖ്യാതിഥിയായി. സൂപ്രണ്ടിംഗ് എഞ്ചിനീയർ എം.എസ് ദിലീപ് റിപ്പോർട്ട് അവതരിപ്പിച്ചു. വെസ്റ്റ് ഹിൽ ആംഫി തിയേറ്ററിൽ നടന്ന ചടങ്ങിൽ കോർപ്പറേഷൻ സ്ഥിരം സമിതി അധ്യക്ഷൻമാരായ പി.സി രാജൻ, പി ദിവാകരൻ, ഒ.പി ഷിജിന, ഡോ. എസ് ജയശ്രീ, പി.കെ നാസർ, സി രേഖ, കൗൺസിലർമാർ, വാട്ടർ അതോറിറ്റി പി എച്ച് ഡിവിഷൻ സൂപ്രണ്ടിംഗ് എഞ്ചിനീയർ ഇൻചാർജ് വിജിൽസ്‌ എന്നിവർ സംസാരിച്ചു. ഡെപ്യൂട്ടി മേയർ സി.പി മുസാഫർ അഹമ്മദ് സ്വാഗതവും സെക്രട്ടറി കെ.യു ബിനി നന്ദിയും പറഞ്ഞു.