വിലക്കയറ്റം പിടിച്ചുനിർത്തുന്നതിൽ സപ്ലൈകോയുടെ പങ്ക് സുപ്രധാനം : മന്ത്രി മുഹമ്മദ് റിയാസ്

വിലക്കയറ്റം പിടിച്ചുനിർത്തുന്നതിൽ സപ്ലൈകോ, കൺസ്യൂമർഫെഡ് പോലുള്ള സ്ഥാപനങ്ങളുടെ ഇടപെടൽ സുപ്രധാനമാണെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. സപ്ലൈകോ ഓണം ഫെസ്റ്റിന്റെ ഭാഗമായി ഇ എം എസ് സ്റ്റേഡിയം പരിസരത്ത് ആരംഭിച്ച ജില്ലയിലെ ഓണം ഫെയറിന്റെ ഉദ്‌ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

എല്ലാവർക്കും സമ്പൽ സമൃദ്ധിയുടെ ഓണം എന്ന ലക്ഷ്യത്തിലാണ് സർക്കാർ മുന്നോട്ട് പോകുന്നത്. ജനങ്ങൾ വലിയ പ്രതീക്ഷയോടെയും ആശ്വാസത്തോടെയുമാണ് സപ്ലൈകോ ഓണം ഫെയറിനെ നോക്കി കാണുന്നത്. സപ്ലൈകോ കേരളത്തിൽ 1500 കേന്ദ്രങ്ങളിൽ ഓണച്ചന്തകൾ സജ്ജമാക്കി മുന്നോട്ട് പോകുന്നു എന്നത് ഏറെ അഭിനന്ദനാർഹമായ കാര്യമാണെന്ന് മന്ത്രി പറഞ്ഞു. സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങൾക്കും സന്തോഷത്തോടെ ഓണം ആഘോഷിക്കാനുള്ള അവസരം ഒരുക്കാൻ സപ്ലൈകോയുടെ ഓണച്ചന്തകൾക്ക് സാധിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

നിത്യോപയോഗ സാധനങ്ങൾ സബ്‌സിഡി നിരക്കിൽ വിപണനം ചെയ്ത് പൊതുവിപണിയിലെ വിലക്കയറ്റം പിടിച്ചു നിർത്താൻ പ്രയത്നിക്കുന്ന സ്ഥാപനമെന്ന നിലയിൽ സപ്ലൈകോ വളരെ പ്രധാനപ്പെട്ട ഉത്തരവാദിത്തമാണ് കേരളീയ സമൂഹത്തിൽ നിർവഹിക്കുന്നത്. പതിമൂന്ന് ഇനം നിത്യോപയോഗ സാധനങ്ങൾക്ക് സപ്ലൈകോ കഴിഞ്ഞ ഏഴ് വർഷമായി വില വർധിപ്പിച്ചിട്ടില്ല. രാജ്യത്ത് മറ്റൊരിടത്തും ഇതുപോലെ വിപണിയിൽ സർക്കാർ ഇടപെടൽ നടന്നിട്ടില്ല. ഇത്തരം നടപടികളിലൂടെ രാജ്യം നേരിടുന്ന വിലക്കയറ്റം എന്ന പ്രതിസന്ധിയെ എങ്ങനെ നേരിടാമെന്നു കേരളം മാതൃക തീർക്കുകയാണെന്നും മന്ത്രി പറഞ്ഞു. വിലക്കയറ്റത്തിന്റെ ദേശീയ ശരാശരിയേക്കാൾ കുറവുള്ള ഒരു സംസ്ഥാനം കേരളമാണ്. ഉപഭോക്തൃ സംസ്ഥാനമായിട്ടു കൂടി വിപണി ഇടപെടലിലൂടെ വിലക്കയറ്റത്തെ പിടിച്ചു നിർത്താൻ നമുക്ക് സാധിക്കുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.

തുറമുഖം – മ്യൂസിയം പുരാവസ്തു – പുരാരേഖാ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഉത്സവകാലത്ത് വിപണിയിൽ ഇടപെടൽ നടത്തി അവശ്യസാധനങ്ങൾ ന്യായവിലയ്ക്ക് ഗുണമേന്മയോടെ ഗുണഭോക്താക്കളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് സപ്ലൈകോ ഓണം ഫെയറുകൾ സംഘടിപ്പിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.

മേയർ ഡോ. ബീന ഫിലിപ്പ് മുഖ്യാതിഥിയായിരുന്നു. തോട്ടത്തിൽ രവീന്ദ്രൻ എം എൽ എ ആദ്യ വില്പന നടത്തി. വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ ചടങ്ങിൽ സംസാരിച്ചു. സപ്ലൈകോ അസിസ്റ്റന്റ് റീജിയണൽ മാനേജർ അനൂപ് ടി.സി സ്വാഗതവും ജില്ലാ സപ്ലൈ ഓഫീസർ ബിന്ദു എസ്.ഒ നന്ദിയും പറഞ്ഞു.