ലോക കൊതുക് ദിനാചരണ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം വണ്ടൂർ ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ പെരിന്തൽമണ്ണ സബ് കളക്ടർ ശ്രീധന്യ സുരേഷ് നിർവഹിച്ചു. മാലിന്യ സംസ്‌കരണവും കൊതുകു നശീകരണവും പൊതുജനങ്ങൾ ദിനചര്യയാക്കണമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ അവർ പറഞ്ഞു. ചടങ്ങിൽ വണ്ടൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് വി.കെ അസ്‌കർ ആമയൂർ അധ്യക്ഷത വഹിച്ചു. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആർ. രേണുക മുഖ്യാതിഥിയായി. ജില്ലാ സർവയലൻസ് ഓഫീസർ ഡോ. സി. ഷുബിൻ ദിനാചരണ സന്ദേശം നൽകി.

ജില്ലാ വെക്ടർ കൺട്രോൾ യൂണിറ്റ് ബയോളജിസ്റ്റ് കെ.ജെ മുജീബ് റഹ്‌മാൻ ബോധവത്കരണ ക്ലാസെടുത്തു.
പരിപാടിയുടെ ഭാഗമായി വണ്ടൂർ നിംസ് നഴ്‌സിങ് കോളജിലെ വിദ്യാർഥികൾ വണ്ടൂർ മണലിന്മൽ ബസ് സ്റ്റാന്റിൽ ഫ്ലാഷ് മോബ് സംഘടിപ്പിച്ചു. തുടര്‍ന്ന് കൊതുക് ദിന ബോധവത്കരണ സന്ദേശ റാലിയും നടന്നു.

എൻ.എസ്.എസ് സ്‌കൂൾ വിദ്യാർഥികളെ പങ്കെടുപ്പിച്ചുകൊണ്ട് വണ്ടൂർ ഗ്രാമ പഞ്ചായത്തിന് കീഴിൽ നടത്തിയ കൊതുകജന്യ രോഗനിയന്ത്രണ പരിപാടിയിലെ ഏറ്റവും നല്ല പ്രൊജക്റ്റിനുള്ള സമ്മാനദാനം പെരിന്തൽമണ്ണ സബ് കളക്ടർ ശ്രീധന്യ സുരേഷ് നിര്‍വഹിച്ചു. പ്രൊജക്ട് തയ്യാറാക്കുന്നതിൽ വണ്ടൂർ ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂൾ ഒന്നാം സ്ഥാനവും വണ്ടൂർ വി.എം.സി ഹയർ സെക്കൻഡറി സ്‌കൂൾ രണ്ടാം സ്ഥാനവും വണ്ടൂർ ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂൾ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.