അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തി ജില്ലയിലെ ആരോഗ്യരംഗം ശക്തിപ്പെടുത്തുമെന്ന് എംഎം മണി എം എല്‍ എ. അതിനുവേണ്ട കൃത്യമായ ഇടപെടല്‍ സംസ്ഥാനസര്‍ക്കാര്‍ നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. മുണ്ടിയെരുമയില്‍ പ്രവര്‍ത്തിക്കുന്ന കല്ലാര്‍ പട്ടം കോളനി കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പുതിയ ഒ പി കെട്ടിട നിര്‍മ്മാണത്തിന്റെ ശിലാസ്ഥാപന ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കെട്ടിടത്തിന്റെ നിര്‍മ്മാണം കാലതാമസം കൂടാതെ എത്രയും വേഗം പൂര്‍ത്തീകരിക്കണമെന്നും അദ്ദേഹം അധികൃതരോട് നിര്‍ദേശിച്ചു. പാമ്പാടുംപാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ് മോഹനന്‍ യോഗത്തില്‍ അധ്യക്ഷത വഹിച്ചു.

ആരോഗ്യവകുപ്പും നാഷണല്‍ ഹെല്‍ത്ത് മിഷനും സംയുക്തമായി ഒരു കോടി പത്ത് ലക്ഷം രൂപ മുതല്‍മുടക്കിലാണ് കെട്ടിടം നിര്‍മ്മിക്കുന്നത്. സര്‍ക്കാര്‍ ഏജന്‍സിയായ കേരള ഇലക്ട്രിക്കല്‍ ആന്‍ഡ് അലൈഡ് എഞ്ചിനീയറിംഗ് കമ്പനി ലിമിറ്റഡ് ആണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് നടപ്പിലാക്കുന്നത്.
1956 ല്‍ മുണ്ടിയെരുമ ആസ്ഥാനമാക്കിയാണ് കല്ലാര്‍ പട്ടം കോളനി പ്രാഥമികാരോഗ്യ കേന്ദ്രം പ്രവര്‍ത്തനം ആരംഭിച്ചത്.

ആദ്യകാല കുടിയേറ്റ കര്‍ഷകരുടെയും പ്രദേശവാസികളുടെയും ഏക ആശ്രയമായിരുന്നു ഈ സ്ഥാപനം. 1972 ല്‍ പൊതുജനങ്ങളുടെ പരിശ്രമത്തില്‍ നിര്‍മ്മിച്ച കെട്ടിടം നിര്‍മ്മിച്ചു. 2021 ഫെബ്രുവരിയില്‍ കല്ലാര്‍ പട്ടം കോളനി പ്രാഥമികാരോഗ്യ കേന്ദ്രം കുടുംബാരോഗ്യ കേന്ദ്രമായി ഉയര്‍ത്തി.

ദിനംപ്രതി 250 ഓളം പേര്‍ക്കാണ് ഇവിടെ നിന്നും സേവനം ലഭിക്കുന്നത്. 2022 ല്‍ ജില്ലയിലെ മികച്ച ആശുപത്രിക്കുള്ള കായകല്‍പ് അവാര്‍ഡ് കരസ്ഥമാക്കിയ ഈ സ്ഥാപനത്തിന്റെ ഗുണനിലവാരം ദേശീയതലത്തിലേക്ക് ഉയര്‍ത്തുന്നതിനും കൂടുതല്‍ മെച്ചപ്പെട്ട സേവനം നല്‍കുന്നതിനുമായാണ് പുതിയ ഒ പി കെട്ടിടം നിര്‍മ്മിക്കുന്നത്