നാടൻ ഉൽപന്നങ്ങളുടെയും തുണിത്തരങ്ങളുടെയും കരകൗശല വസ്തുക്കളുടെയും വൈവിധ്യ കാഴ്ചകളൊരുക്കി കോർപ്പറേഷൻ, കുടുംബശ്രീ സി ഡിഎസുകളുടെ സംയുക്താഭിമുഖ്യത്തിൽ നടക്കുന്ന ഓണം വിപണനമേളക്ക് മുതലക്കുളം മൈതാനിയിൽ തുടക്കമായി. മേയർ ഡോ. ബീന ഫിലിപ്പ് മേളയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ പി ദിവാകരൻ അധ്യക്ഷത വഹിച്ചു.

ജൈവ പച്ചക്കറികൾ, നാടൻ മസാലപ്പൊടികൾ, ഈന്ത് പൊടി ,നാടൻ തേൻ, വിവിധ തരം അച്ചാറുകൾ കുടുംബശ്രീ യൂണിറ്റുകൾ ഉൽപാദിപ്പിക്കുന്ന തുണിത്തരങ്ങൾ, ഗ്യാരണ്ടി ആഭരണങ്ങൾ, ഹെർബൽ ഉൽപ്പന്നങ്ങൾ, സൗന്ദര്യ വർദ്ധക വസ്തുക്കൾ, സോപ്പുകൾ, പലഹാരങ്ങൾ, മുളയരി പായസം ഉൾപ്പെടെ വിവിധ പായസങ്ങൾ, ചെടികൾ എന്നിവ സ്റ്റാളുകളിൽ ലഭിക്കും.

നഗരസഭയിലെയും സമീപ പഞ്ചായത്തുകളിലെയും വിവിധ കുടുംബശ്രീ യൂണിറ്റുകളാണ് 50 സ്റ്റാളുകളിലായി ഉൽപന്നങ്ങൾ വിപണനം നടത്തുന്നത്.

ചടങ്ങിൽ കുടുംബശ്രീ സി ഡി എസ് ചെയർപേഴ്സൺമാരായ ജാസ്മിൻ, ശ്രീജ ഹരീഷ്, പ്രൊജക്ട് ഓഫീസർ പ്രകാശൻ ടി കെ, സിറ്റി മിഷൻ മാനേജർ മുനീർ എം പി എന്നിവർ സംസാരിച്ചു. ആഗസ്റ്റ് 28 വരെ രാവിലെ 10 മണി മുതൽ രാത്രി 10 മണി വരെയാണ് വിപണനമേള ഉണ്ടാവുക.