കൊയിലാണ്ടി നഗരസഭ ഓണം ഫെസ്റ്റ് 23 – “നാഗരിക”ത്തിന്  തുടക്കമായി. ആഗസ്റ്റ് 28 വരെ നടക്കുന്ന നാഗരികം ഫെസ്റ്റ് കാനത്തിൽ ജമീല എം എൽ എ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കേപ്പാട്ട് അധ്യക്ഷത വഹിച്ചു. അഭിനേത്രി കലാഭവൻ സരിഗ മുഖ്യാതിഥിയായി.

ഓണാഘോഷത്തിന് മാറ്റുകൂട്ടാൻ സാംസ്കാരിക സദസ്സുകൾക്ക് പുറമേ ആഗസ്റ്റ് 22 ന് മാപ്പിള കലകളുടെ രംഗാവിഷ്കാരം അസർമുല്ല, 23 ന് പഴയകാല നാടക-ഗസൽ ഗാനങ്ങൾ കോർത്തിണക്കിയ സംഗീത സന്ധ്യ ‘മധുരിക്കും ഓർമകളെ’, 24 ന് എം ടി ഫിലിം ഫെസ്റ്റിവൽ ‘വെള്ളിത്തിര’, 25 ന് നാടകം ‘മൂക്കുത്തി’, 26 ന് കലാവിരുന്ന് ‘അരങ്ങും അണിയറയും’, 27 ന് വനിതകൾ അരങ്ങിൽ എത്തിക്കുന്ന ‘പെണ്ണകം’ ബഹുഭാഷാഗീതവും അരങ്ങേറും.

ഇ എം എസ്. സ്മാരക ടൗൺഹാളിൽ നടന്ന ചടങ്ങിൽ വൈസ് ചെയർമാൻ അഡ്വ.കെ സത്യൻ, സ്ഥിരം സമിതി അധ്യക്ഷന്മാരായ കെ.ഷിജു, ഇ.കെ.അജിത്, കെ.എ. ഇന്ദിര, ആസൂത്രണ കമ്മിറ്റി ഉപാധ്യക്ഷൻ എ സുധാകരൻ, മെമ്പർ സെക്രട്ടറി രമിത, സി ഡി എസ് ചെയർപേഴ്സൺ കെ.കെ.വിബിന എന്നിവർ സംസാരിച്ചു.

മേളയിൽ കുടുംബശ്രീ സംരംഭങ്ങൾ, ഭിന്നശേഷി മേഖലയിലെ വിവിധ സ്ഥാപനങ്ങൾ, സർക്കാർ ഏജൻസികൾ എന്നിവ ഒരുക്കുന്ന സ്റ്റാളുകൾ ഒരുക്കിയിട്ടുണ്ട്.സമാപന ദിവസം സാംസ്കാരിക സദസ്സ് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി ഉദ്ഘാടനം ചെയ്യും. പ്രശസ്ത സിനിമാ പിന്നണി ഗായിക മൃദുല വാര്യർ മുഖ്യാതിഥിയാവും.