ഖാദി പഴയ ഖാദിയല്ലെന്ന സന്ദേശവുമായി ഓണം ഖാദി മേള അയ്യന്തോള്‍ സിവില്‍ സ്റ്റേഷനിലും ആരംഭിച്ചു. ജില്ലാ കളക്ടര്‍ വി ആര്‍ കൃഷ്ണ തേജ, എഡിഎം ടി മുരളിക്ക് ആദ്യ വില്പന നടത്തിക്കൊണ്ട് മേള ഉദ്ഘാടനം ചെയ്തു. ഖാദി വസ്ത്രങ്ങളെ ജീവിതത്തിന്റെ ഭാഗമാക്കണമെന്നും ഖാദി മേഖലക്ക് പരമാവധി പിന്തുണ നല്‍കണമെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു.

ഓഗസ്റ്റ് 21, 22, 23 തീയതികളിലായാണ് സിവില്‍ സ്റ്റേഷന്‍ പൂമുഖത്ത് ഖാദിയുടെ സ്റ്റാള്‍ ഒരുക്കിയിരിക്കുന്നത്. ഖാദി ഗ്രാമ വ്യവസായ പ്രോജക്ട് ഓഫീസര്‍ സജീവ് എസ്, അസിസ്റ്റന്റ് രജിസ്ട്രാര്‍ സിന്ധു പി കെ, വിവിധ വകുപ്പ്തല ഉദ്യോഗസ്ഥര്‍, ജീവനക്കാര്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.

നവീന ഫാഷനിലുള്ള വസ്ത്രങ്ങളുടെയും വൈവിധ്യമാര്‍ന്ന ഗ്രാമ വ്യവസായ ഉല്‍പ്പന്നങ്ങളുടെയും ശേഖരം ഖാദി മേളകളില്‍ ലഭിക്കും. ട്രെന്‍ഡിങില്‍ ഒന്നാമതായി നില്‍ക്കുന്ന ഖാദി കേരള സാരികള്‍, പട്ടുസാരികള്‍, കോട്ടന്‍സാരികള്‍, ചുരിദാര്‍ ടോപ്പുകള്‍, കുര്‍ത്തകള്‍, അമ്മയ്ക്കും കുഞ്ഞിനും ഒരുപോലെയുള്ള വസ്ത്രങ്ങള്‍, ഷര്‍ട്ടിങ്ങുകള്‍, റെഡി മെയ്ഡ് ഷര്‍ട്ടുകള്‍, കാവിമുണ്ടുകള്‍, ഡബിള്‍ മുണ്ടുകള്‍, തുടങ്ങിയവ ഇവിടെ ഒരുക്കിയിട്ടുണ്ട്. ജില്ലയിലെ കേരള ഗ്രാമ വ്യവസായ ബോര്‍ഡിന്റെയും അംഗീകൃത സ്ഥാപനങ്ങളുടെയും ഷോറൂമുകളിലും ഉല്‍പ്പന്നങ്ങള്‍ ലഭ്യമാണ്.

ഖാദി വസ്ത്രങ്ങള്‍ക്ക് പുറമേ തോര്‍ത്തുകള്‍, ചവിട്ടികള്‍, പഞ്ഞി കിടക്കകള്‍, തലയിണകള്‍, പ്രകൃതിദത്തമായ തേന്‍, എള്ളെണ്ണ, സ്റ്റാര്‍ച്ച് മുതലായ ഉല്‍പ്പന്നങ്ങളും ഖാദി മേളകളില്‍ ലഭ്യമാണ്. ഖാദി ഉല്‍പ്പന്നങ്ങള്‍ക്ക് 30 ശതമാനം വരെ സര്‍ക്കാര്‍ റിബേറ്റ് ലഭിക്കും. ഓണം ഖാദി മേളയുടെ ഭാഗമായി നറുക്കെടുപ്പുകളും സംഘടിപ്പിക്കുന്നുണ്ട്. ഒന്നാം സമ്മാനമായി ഇലക്ട്രിക് കാര്‍, രണ്ടാം സമ്മാനം ഇലക്ട്രിക് സ്‌കൂട്ടര്‍, മൂന്നാം സമ്മാനമായി ഒരു പവന്‍ സ്വര്‍ണനാണയം എന്നിവയും മറ്റു സമ്മാനങ്ങളും നറുക്കെടുപ്പിലൂടെ വിതരണം ചെയ്യും.

ആഴ്ചയിലൊരിക്കല്‍ ഖാദി വസ്ത്രം എന്ന സര്‍ക്കാര്‍ ഉത്തരവ് ഖാദി മേഖലയ്ക്ക് നല്‍കിയ കരുത്തിന്റെ പശ്ചാത്തലത്തില്‍ ഒരു കുടുംബത്തില്‍ ഒരു ജോഡി ഖാദി വസ്ത്രമെന്ന ആശയം മുന്‍നിര്‍ത്തിയാണ് ഇത്തവണത്തെ ഓണം ഖാദി മേള.