ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടത്തുന്ന ‘ഗാന്ധിപഥം തേടി’ പഠന പോഷണ യാത്രയുടെ ലോഗോ പ്രകാശനം ആരോഗ്യ-വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോർജ്ജ് വനം വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന് നൽകി നിർവഹിച്ചു.
മഹാത്മാഗാന്ധിയുടെ ജീവിത സമര വഴികളിലൂടെ യാത്ര ചെയ്ത് ഗാന്ധിജിയെ അടുത്തറിയാൻ വിദ്യാർത്ഥികൾക്ക് അവസരം ഒരുക്കുക എന്ന ലക്ഷ്യത്തോടെ ജില്ലാ പഞ്ചായത്ത് ആവിഷ്കരിച്ച പഠനപോഷണ യാത്രയാണ് “ഗാന്ധിപഥം തേടി”. ജില്ലയിലെ 82 വിദ്യാലയങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളാണ് ആഗസ്റ്റ് 30ന് ആരംഭിക്കുന്ന യാത്രയിൽ പങ്കെടുക്കുക.
കുട്ടികൾക്കൊപ്പം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി, സ്ഥിരം സമിതി അധ്യക്ഷന്മാരുൾപ്പെടെയുളള 110 പേരടങ്ങുന്ന സംഘം ഗാന്ധിജിയുടെ ജീവിത സമര വഴികളിലൂടെയുള്ള യാത്രയിൽ പങ്കാളികളാവും. യാത്രയുടെ ഭാഗമായി പോർബന്തർ, അഹമ്മദാബാദ്, ഡൽഹി എന്നിവിടങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സന്ദർശനം നടത്തുകയും കലാപരിപാടികൾ അവതരിപ്പിക്കുകയും ചെയ്യും.
പുറക്കാട്ടിരി എ.സി ഷണ്മുഖ ദാസ് മെമ്മോറിയൽ ആയുർവേദിക് ചൈൽഡ് ആൻഡ് അഡോളസെന്റ് കെയർ സെന്ററിൽ നടന്ന ചടങ്ങിൽ കാനത്തിൽ ജമീല എം എൽ എ, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി ഗവാസ്, ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുനിൽ കുമാർ, തലക്കുളത്തൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.പി പ്രമീള, ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ കോർഡിനേറ്റർ പ്രവീൺ കുമാർ എന്നിവർ പങ്കെടുത്തു.