ജില്ലാപഞ്ചായത്തിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്കായുളള ‘ഗാന്ധിപഥം തേടി’ പഠന പോഷണയാത്ര ആഗസ്റ്റ് 30 ന് ആരംഭിക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി പറഞ്ഞു. ജില്ലാ പഞ്ചായത്ത് ഹാളിൽ നടന്ന വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അവർ.
ബീച്ചിലെ ഫ്രീഡം സ്ക്വയറിൽ നിന്ന് ആരംഭിക്കുന്ന യാത്രയിൽ ജില്ലയിലെ 82 വിദ്യാലയങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾ പങ്കെടുക്കും.110 പേരടങ്ങുന്ന സംഘം പോർബന്തറിൽ എത്തി ഗാന്ധിജിയുടെ ജന്മസ്ഥലവും സബർമതിയും സന്ദർശിക്കും.
ആശ്രമത്തിൽ ഗാന്ധിയുടെ ജീവിതം ആധാരമാക്കി തയ്യാറാക്കിയ നൃത്തശില്പങ്ങളും വിവിധ കലാപരിപാടികളും അവതരിപ്പിക്കും. തുടർന്ന് അഹമ്മദാബാദിലെ തെരഞ്ഞെടുക്കപ്പെട്ട വിദ്യാലയങ്ങളിലെ കുട്ടികളുമായി ചേർന്ന് സാംസ്കാരിക പരിപാടികൾ അവതരിപ്പിക്കും. അടുത്ത ദിനങ്ങളിലായി ഗുജറാത്ത് സെക്രട്ടേറിയേറ്റും ഗിർവനവും സന്ദർശിക്കും.
ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന് ഊർജ്ജം പകർന്ന സമര കേന്ദ്രമായ ദണ്ഡിയിൽ ഒരു കിലോമീറ്ററോളം പദയാത്ര നടത്തി കടപ്പുറത്ത് പ്രതീകാത്മകമായി ഉപ്പു കുറുക്കും. തുടർന്ന് സർദാർ വല്ലഭായി പട്ടേലിന്റെ ഏകതാ പ്രതിമ സന്ദർശിക്കും. ശേഷം ഡൽഹിയിൽ എത്തി രാജ്ഘട്ടും ഗാന്ധി മ്യൂസിയവും ഭരണ സിരാകേന്ദ്രങ്ങളും സന്ദർശിക്കും.
ബിർളമന്ദിറിൽ ഒരു ദിവസം ഉപവാസമിരിക്കുന്ന വിദ്യാർത്ഥി സംഘം ഗാന്ധി സ്മൃതികളും ഗാനാലാപനവും നടത്തിയാണ് യാത്ര അവസാനിപ്പിക്കുക. പത്ത് ദിവസം നീണ്ട് നിൽക്കുന്ന ബൃഹത്തായ പഠന പോഷണ യാത്രയാണ് ‘ഗാന്ധി പഥം തേടി’. പോർബന്തർ, അഹമ്മദാബാദ്, ഡൽഹി, ആഗ്ര എന്നിവിടങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സന്ദർശനം നടത്തുകയും കലാപരിപാടികൾ അവതരിപ്പിക്കുകയും ചെയ്യും. സെപ്റ്റംബർ 12 ന് സംഘം യാത്ര കഴിഞ്ഞ് തിരിച്ചെത്തുമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.
എട്ട് മുതൽ 12 വരെ ക്ലാസുകളിലെ കുട്ടികളാണ് യാത്രയിൽ പങ്കെടുക്കുക. സംഘത്തിൽ 31 പെൺകുട്ടികളും 12 അധ്യാപകരും ഉൾപ്പെടുന്നു. സ്കൂളിനെ പ്രതിനിധീകരിച്ച് ഒരു കുട്ടിയാണ് യാത്രയുടെ ഭാഗമാവുക. കുട്ടികൾക്കൊപ്പം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി, സ്ഥിരം സമിതി അധ്യക്ഷന്മാർ, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവർ ഗാന്ധിജിയുടെ ജീവിതം സമര വഴികളിലൂടെയുള്ള യാത്രയിൽ പങ്കാളികളാവും.
മഹാത്മാഗാന്ധിയുടെ വഴികളിലൂടെ സഞ്ചരിച്ച് എങ്ങനെയാണ് ഐക്യത്തോടെ രക്തരഹിതമായി ഒരു രാജ്യം സ്വാതന്ത്ര്യം നേടിയതെന്ന് പുതു തലമുറക്ക് പകർന്ന് നൽകുക എന്നതാണ് യാത്രയുടെ ലക്ഷ്യമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി പറഞ്ഞു. യാത്രയിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികൾക്കായി ഡയറ്റ് സീനിയർ ലക്ചറർ ഡോ. വാസുദേവൻ, എജ്യുകെയർ കോർഡിനേറ്റർ ജ്യോതി നാരായണൻ തുടങ്ങിയവരുടെ നേതൃത്വത്തിൽ ശില്പശാലകൾ സംഘടിപ്പിച്ചിരുന്നു. യാത്രയുടെ ഭാഗമായുള്ള സ്വാഗത സംഘം യോഗം ആഗസ്റ്റ് 24 ന് ജില്ലാ പഞ്ചായത്ത് ഹാളിൽ ചേരും.
വാർത്താ സമ്മേളനത്തിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. പി ഗവാസ്, സ്ഥിരം സമിതി അധ്യക്ഷന്മാരായ കെ.വി റീന, പി സുരേന്ദ്രൻ, ജില്ലാപഞ്ചായത്ത് അംഗങ്ങളായ മുക്കം മുഹമ്മദ്, കൂടത്താംങ്കണ്ടി സുരേഷ്, വി.പി ദുൽഖിഫിൽ, എൻ.എം വിമല, വിദ്യാഭ്യാസ കോർഡിനേറ്റർ പ്രവീൺ കുമാർ തുടങ്ങിയവർ പങ്കെടുത്തു.