പീരുമേട് താലൂക്ക് വ്യവസായ ഓഫീസിന്റെയും ഏലപ്പാറ ഗ്രാമപഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ സംരംഭകര്‍ക്കായി ഏകദിന ശില്‍പ്പശാല നടത്തി. ഏലപ്പാറ ഗ്രാമപഞ്ചായത്ത് കമ്മ്യുണിറ്റി ഹാളില്‍ നടന്ന പരിപാടി ഗ്രാമപഞ്ചായത്ത് അംഗം കുഞ്ഞുമോന്‍ വി പി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗം ടോണി കെ മാത്യു അധ്യക്ഷത വഹിച്ചു.
ചെറുകിട വ്യവസായം, കച്ചവടം, സേവന സംരംഭം തുടങ്ങിയ വിഷയങ്ങളിലും വായ്പകള്‍, സബ്‌സിഡികള്‍, ഗ്രാന്റുകള്‍ മുതലായവയെ സംബന്ധിച്ചും സംരംഭം ആരംഭിക്കാന്‍ താല്പര്യമുള്ളവരെ ബോധവത്കരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഗ്രാമപഞ്ചായത്ത് പരിധിയില്‍ സംരംഭം ആരംഭിക്കാന്‍ താത്പര്യമുള്ളവര്‍ക്കായി ഏകദിന ശില്‍പ്പശാല സംഘടിപ്പിച്ചത്. വ്യവസായ വകുപ്പിന്റെ വിവിധ പദ്ധതികളെ കുറിച്ച് പീരുമേട് താലൂക്ക് വ്യവസായ ഓഫീസ് റിസോഴ്‌സ്‌പേഴ്‌സണ്‍ അന്‍വര്‍ പി മുഹമ്മദ് ക്ലാസുകള്‍ നയിച്ചു. 35 പേര്‍ ശില്പശാലയില്‍ പങ്കെടുത്തു.
അഴുത ബ്ലോക്ക് വ്യവസായ വികസന ഓഫീസര്‍ രഘുനാഥ് കെ എ, എന്റര്‍പ്രൈസ് ഡെവലപ്‌മെന്റ് എക്‌സിക്യൂട്ടീവുമാരായ നീല്‍ ആന്‍ഡ്രൂ എഡ്വേര്‍ഡ്, ജോജി ജോസഫ്, ജെസ്ലിന്‍ ജോസഫ്, ഗോകുല്‍ ഷാജി തുടങ്ങിയവര്‍ പങ്കെടുത്തു.