യാത്രക്കാർക്ക് വിശ്രമിക്കാനും പ്രാഥമികാവശ്യങ്ങൾ നിർവഹിക്കാനുമായി പേരാവൂർ ഗ്രാമപഞ്ചായത്തിന്റെ ടേക് എ ബ്രേക്ക് വഴിയിടം ഒരുങ്ങുന്നു. പേരാവൂർ പുതിയ ബസ് സ്റ്റാൻഡിലാണ് ടേക് എ ബ്രേക്ക് കെട്ടിടം നിർമ്മിക്കുന്നത്. നിർമ്മാണ പ്രവൃത്തി അന്തിമഘട്ടത്തിലാണ്.
ഗ്രാമപഞ്ചായത്തിന്റെ 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കേന്ദ്ര ധനകാര്യ കമ്മീഷൻ ഫണ്ട് 12 ലക്ഷം രൂപയും എസ് ബി എം ഫണ്ട് 12 ലക്ഷം രൂപയും ചേർത്ത് 24 ലക്ഷം രൂപ ചെലവിലാണ് നിർമ്മാണം. ബസ് സ്റ്റാൻഡിനോട് ചേർന്ന് ഒറ്റ നില കെട്ടിടമാണ് നിർമ്മിച്ചത്. സ്ത്രീകൾക്കും പുരുഷൻമാർക്കുമായി മൂന്ന് വീതം ടോയ്ലറ്റുകളാണ് ഒരുക്കുന്നത്. മുലയൂട്ടൽ കേന്ദ്രവും നിർമ്മിച്ചിട്ടുണ്ട്.
ഭിന്നശേഷി സൗഹൃദമായാണ് കെട്ടിടം നിർമ്മിച്ചിട്ടുള്ളത് .റാമ്പും ഒരുക്കിയിട്ടുണ്ട്. കഫറ്റേരിയയും ഉണ്ടാവും.ബസ് സ്റ്റാൻഡിൽ നിലവിൽ ഒരു ശൗചാലയം ഉണ്ടെങ്കിലും പരിമിതമായ സൗകര്യം മാത്രമേ ഉള്ളൂ. ടേക് എ ബ്രേക്ക് പ്രവൃത്തി പൂർത്തിയാക്കി ഉടൻ നാടിന് സമർപ്പിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് പി പി വേണുഗോപാലൻ പറഞ്ഞു.