സംരംഭ വർഷത്തിന്റെ ഭാഗമായി വ്യവസായ മേഖലയിൽ സംഭവിച്ചത് വലിയ മാറ്റങ്ങൾ: മന്ത്രി പി.രാജീവ്
സംരംഭക വർഷത്തിന്റെ ഭാഗമായി കേരളത്തിലെ വ്യവസായികാന്തരീക്ഷത്തിൽ വലിയ മാറ്റങ്ങൾ സംഭവിച്ചുവെന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്. വ്യവസായ വാണിജ്യ വകുപ്പും ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ്‌സ് ഓഫ് ഇന്ത്യയും ചേര്‍ന്ന് ആരംഭിച്ച എം.എസ്.എം.ഇ ഹെല്‍പ് ഡെസ്‌ക്കിൻ്റെയും ടാക്സ് ഓഡിറ്റ് സംബന്ധിച്ച ഏകദിന സെമിനാറിന്റെയും ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
കേരളത്തിലുണ്ടായ ഈ മാറ്റം നിലനിർത്താനാണ് സർക്കാർ പ്രാധാന്യം നൽകുന്നത്. സംരംഭക വർഷത്തിന്റെ ഭാഗമായി ഇതുവരെ 1,39,000 സംരംഭങ്ങൾ സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തിട്ടുണ്ട്. 45,000 സ്ത്രീ സംരംഭങ്ങളും ആരംഭിച്ചിട്ടുണ്ട്. സംരംഭകർക്ക് മികച്ച അന്തരീക്ഷം സൃഷ്ടിക്കുന്നതിനായി പദ്ധതിയുടെ ഭാഗമായി ആരംഭിക്കുന്ന സംരംഭങ്ങൾക്ക് 4 ശതമാനം പലിശയ്ക്ക് വായ്പ ലഭ്യമാക്കുന്നതിനുള്ള പ്രത്യേക പദ്ധതിയും നടപ്പിലാക്കിയിട്ടുണ്ട്.
മറ്റ് സംസ്ഥാനങ്ങളിലെ വ്യവസായ സ്ഥാപനങ്ങൾക്ക് വെല്ലുവിളിയായി കേരളത്തിലെ വ്യവസായിക മേഖല മാറുകയാണ്. ഇതിന് ഉദാഹരണമാണ് പുതിയതായി 1026 വെളിച്ചെണ്ണ മില്ലുകൾ ഇവിടെ ആരംഭിച്ചത്. കുറഞ്ഞ ചെലവിൽ ആരംഭിച്ച ഇത്തരം വ്യവസായ സംരംഭങ്ങൾ വഴി ഗുണനിലവാരമുള്ള ഉൽപ്പന്നങ്ങളാണ് ജനങ്ങൾക്ക് ലഭിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
കേരള വ്യവസായ നയം 2023 ൻ്റെ ഭാഗമായി വ്യവസായങ്ങളുടെ വളർച്ച സാധ്യമാക്കുന്നതിനായി എയ്‌റോസ്‌പേസ് ആൻഡ് ഡിഫൻസ് നിർമ്മിത ബുദ്ധി, റോബോട്ടിക്‌സ്, ഇലക്ട്രോണിക്‌സ് സിസ്റ്റം, ഭക്ഷ്യ സാങ്കേതിക വിദ്യകൾ, ലോജിസ്റ്റിക്‌സ് ആൻഡ് പാക്കേജിങ്ങ് എന്നിങ്ങനെ 22 മുൻഗണനാ മേഖലകൾ കണ്ടെത്തിയിട്ടുണ്ട്. ഇതിലൂടെ ഇത്തരം മേഖലകളിൽ ഉയർന്ന തൊഴിൽ വൈദഗ്ധ്യമുള്ളവർക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ സാധിക്കും.
പുതിയ സംരംഭങ്ങൾ കേരളത്തിലേക്ക് കടന്നുവരുന്നത് അഭിമാനമാണ്. ഇത്തരം സംരംഭങ്ങൾ മുന്നോട്ട് പോകാൻ സർക്കാർ മാത്രമല്ല എല്ലാവരുടെയും കൂട്ടായ പിന്തുണ വേണമെന്നും മന്ത്രി പറഞ്ഞു
ടാക്സ് ഓഡിറ്റ് സംബന്ധമായ വിഷയങ്ങളെ കുറിച്ച് ചാർട്ടേഡ് അക്കൗണ്ടൻ്റുമാരായ വി രാമനാഥ്, കെ ചൈതന്യ എന്നിവർ ക്ലാസുകൾ നയിച്ചു.
സംസ്ഥാനത്തെ എംഎസ്എംഇ കൾക്ക് ബിസിനസ് ആരംഭിക്കുമ്പോൾ അറിഞ്ഞിരിക്കേണ്ട എല്ലാവിധ സേവനങ്ങളും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് വ്യവസായ വാണിജ്യ വകുപ്പും, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ്‌സ് ഓഫ് ഇന്ത്യയും ചേര്‍ന്ന് എം.എസ്.എം.ഇ ഹെല്‍പ്ഡെസ്‌ക്ക് ആരംഭിച്ചിരിക്കുന്നത്. ബിസിനസ് സംബന്ധമായ സംശയങ്ങൾ, ലോൺ ലഭിക്കുന്നതിന് ഡിപിആർ തയ്യാറാക്കൽ, ഫിനാന്‍സ്, ടാക്‌സ് ഓഡിറ്റ് മുതലായ എല്ലാ വിഷയങ്ങളിലുമുള്ള സംരംഭകരുടെ സംശയങ്ങള്‍ പരിഹരിക്കുന്നതിന് ഹെൽത്ത് ഡെസ്ക് പ്രയോജനപ്പെടുത്താം.
എല്ലാ മാസത്തിലെയും ആദ്യത്തെ ശനിയാഴ്ച എംഎസ്എംഇകള്‍ക്ക് ഹെല്‍പ്ഡെസ്‌ക് സേവനം ഐ.സി.എ.ഐ യുടെ കീഴിലുള്ള തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍ എന്നീ ജില്ലകളിലെ ഒമ്പത് റീജണല്‍ ഓഫീസുകളില്‍ ലഭിക്കും. സേവനം ഒരു വർഷം സൗജന്യം.
സംസ്ഥാനത്തെ സംരംഭകര്‍ക്ക് അവരുടെ ആശയങ്ങള്‍ വികസിപ്പിക്കാന്‍ വേണ്ടിയുള്ള അറിവ് നല്‍കുന്നതിനും അതിലൂടെ എംഎസ്എംഇകള്‍ക്ക് സുസ്ഥിരതയും വളര്‍ച്ചയും പ്രാപ്തമാക്കുന്ന ഒരു ആവാസവ്യവസ്ഥ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ ഹെല്‍പ്ഡെസ്‌ക് സേവനം ആരംഭിച്ചിരിക്കുന്നത്.
പാലാരിവട്ടം റിനൈ കൊച്ചിൻ ഹോട്ടലിൽ നടന്ന പരിപാടിയിൽ കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡെവലപ്മെൻ്റ് കോർപ്പറേഷൻ (കെ.എസ്.ഐ.ഡി.സി) മാനേജിംങ് ഡയറക്ടർ എസ്.ഹരി കിഷോർ, ഐ.സി.എ.ഐ മുൻ സെൻട്രൽ കൗൺസിൽ മെമ്പർ ബാബു എബ്രഹാം കല്ലിവായലിൽ, ഐ.സി.എ.ഐ എറണാകുളം ബ്രാഞ്ച് ചെയർപേഴ്സൺ ദീപ വർഗീസ്, ഐ.സി.എ.ഐ എറണാകുളം ബ്രാഞ്ച് സെക്രട്ടറി എ.എസ് ആനന്ദ് എന്നിവർ സംസാരിച്ചു.