ഓണക്കാലത്തോടനുബന്ധിച്ച് ഭക്ഷ്യ സുരക്ഷാ വകുപ്പ് തൃശ്ശൂര്‍ ജില്ലയില്‍ പരിശോധനകള്‍ ആരംഭിച്ചു. 18 സ്‌ക്വാഡുകള്‍ പരിശോധനയിൽ പങ്കെടുക്കുന്നത്. ഓണക്കാലത്ത് പൊതുവിപണിയില്‍ ലഭ്യമായിട്ടുളള ഭക്ഷ്യ വസ്തുക്കളുടെ ഗുണനിലവാരം ഉറപ്പാക്കുക, ഹോട്ടലുകളിലും മറ്റ് സ്ഥാപനങ്ങളിലും ലഭ്യമാക്കുന്ന സദ്യ, പായസം എന്നിവയുടെ സുരക്ഷിതത്വം ഉറപ്പാക്കുക എന്നിവ ലക്ഷ്യമിട്ടാണ് പരിശോധനകള്‍. ഓണക്കാലത്ത് ഇതരസംസ്ഥാനങ്ങളില്‍ നിന്ന് വരുന്ന പാല്‍, ശര്‍ക്കര, പച്ചക്കറി എന്നിവയുടെ ഗുണനിലവാരവും പരിശോധിക്കും.

ഓണക്കാലത്ത് സദ്യയും പായസമേളയും ഒരുക്കുന്നവര്‍ ഭക്ഷ്യ സുരക്ഷാ ലൈസന്‍സ് / രജിസ്‌ട്രേഷന്‍ എന്നിവ കരസ്ഥമാക്കേണ്ടതാണെന്ന് അധികൃതർ അറിയിച്ചു. രജിസ്‌ട്രേഷന്‍ ഇല്ലാതെ പ്രവര്‍ത്തിക്കുന്നത് എഫ് എസ് എ ആക്ട് പ്രകാരം പിഴയും തടവും ലഭിക്കാവുന്ന കുറ്റമാണ്.

പൊതുജനങ്ങള്‍ ഫുഡ് സേഫ്റ്റി രജിസ്‌ട്രേഷന്‍ ഉള്ള സ്ഥാപനങ്ങളില്‍ നിന്ന് മാത്രം ഭക്ഷണം വാങ്ങിക്കാനായി ശ്രദ്ധിക്കണം. പൊതുജനങ്ങള്‍ക്ക് ഭക്ഷ്യ വസ്തുക്കളില്‍ മേലുള്ള പരാതി 1800 425 1125 എന്ന ടോള്‍ ഫ്രീ നമ്പറിലൊ Eat Right Kerala എന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയോ അറിയിക്കാം.

ഭക്ഷണം കൈകാര്യം ചെയ്യുന്നവര്‍ക്കെല്ലാം മെഡിക്കല്‍ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ഉണ്ടെന്ന് സ്ഥാപനങ്ങൾ ഉറപ്പ്ഉവരുത്തണം. ടെസ്റ്റ് ചെയ്ത് ഗുണനിലവാരം ഉറപ്പാക്കിയ വെളളം മാത്രമേ പാചകത്തിന് ഉപയോഗിക്കാവൂ. ഭക്ഷണം പാചകം ചെയ്തതിന് ശേഷം രണ്ട് മണിക്കൂറിന് മേല്‍ അന്തരീക്ഷ ഊഷ്മാവില്‍ അവ സൂക്ഷിക്കരുതെന്നും അധികൃതർ അറിയിച്ചു.

പൊതുജനങ്ങള്‍ പാഴ്‌സല്‍ വാങ്ങുന്ന ഭക്ഷണം രണ്ട് മണിക്കൂറിനുളളില്‍ കഴിക്കുകയും ഭക്ഷ്യ വസ്തുക്കളുടെ പായ്ക്കറ്റില്‍ കാലാവധി കഴിഞ്ഞില്ലായെന്ന് ഉറപ്പു വരുത്തി വാങ്ങുകയും ചെയ്യണമെന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പ് അറിയിച്ചു.