മഞ്ചേശ്വരം ഗോവിന്ദ പൈ കോളേജില്‍ മെഗാ തിരുവാതിര നടത്തി

പ്രത്യേക വോട്ടര്‍ പട്ടിക പുതുക്കല്‍ യജ്ഞത്തിന്റെ പ്രചാരണത്തിനായി ജില്ലാ തെരഞ്ഞെടുപ്പ് വിഭാഗം മഞ്ചേശ്വരം ഗോവിന്ദ പൈ സ്മാരക ഗവണ്‍മെന്റ് കോളേജില്‍ മെഗാ തിരുവാതിര സംഘടിപ്പിച്ചു. ജില്ലാ അസിസ്റ്റന്റ് കളക്ടര്‍ ദിലീപ് കെ. കൈനിക്കര പരിപാടി ഉദ്ഘാടനം ചെയ്തു. ജനാധിപത്യത്തിലെ ഏറ്റവും മഹനീയമായ കാര്യങ്ങളിലൊന്നാണ് വോട്ട് ചെയ്യുക എന്നുള്ളതെന്നും വോട്ടവകാശം കൃത്യമായി വിനിയോഗിക്കണമെന്നും അദ്ദേഹം പറഞ്ഞു.

മഞ്ചേശ്വരം ഗോവിന്ദപൈ കോളേജ് പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് കെ.മുഹമ്മദ് അലി അധ്യക്ഷത വഹിച്ചു. ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ കെ.അജേഷ് മുഖ്യാതിഥിയായി. ഇലക്ടറല്‍ ലിറ്ററസി ക്ലബ്ബ് (ഇ.എല്‍.സി) ജില്ലാ കോര്‍ഡിനേറ്റര്‍ പ്രേംജി പ്രകാശ്, മഞ്ചേശ്വരം താലൂക് ഡെപ്യൂട്ടി തഹസില്‍ദാര്‍മാരായ സി.ദെലി കുമാര്‍, കെ.ജി .പ്രസാദ്, മഞ്ചേശ്വരം ഗോവിന്ദപൈ കോളേജ് കന്നഡ വിഭാഗം മേധാവി ശിവശങ്കര, ഇലക്ഷന്‍ സെക്ഷന്‍ ജൂനിയര്‍ സൂപ്രണ്ട് സതീശന്‍ പെരുമ്പള എന്നിവര്‍ സംസാരിച്ചു. കോളേജ് ഇ.എല്‍.സി കോര്‍ഡിനേറ്റര്‍ പി.സജിത്ത് കുമാര്‍ സ്വാഗതവും സ്റ്റുഡന്റ് കണ്‍വീനര്‍ ദീക്ഷിത് നന്ദിയും പറഞ്ഞു. അമ്പത് വിദ്യാര്‍ത്ഥികളാണ് തിരുവാതിരയില്‍ പങ്കാളികളായത്.