ജോയിന്റ് എഫര്‍ട്ട് ഫോര്‍ എലിമിനേഷന്‍ ഓഫ് ട്യൂബര്‍കുലോസിസ് (ജീത്ത് ) പദ്ധതി നടപ്പിലാക്കുന്നതില്‍ കാസര്‍കോട് ജില്ല ദേശീയ തലത്തില്‍ മികച്ച നേട്ടം കൈവരിച്ചു. 2023ലെ രണ്ടാം പാദത്തില്‍ നടത്തിയ സ്‌ക്രീനിംഗിന്റെ കണക്കുകള്‍ പ്രകാരമാണ് ജില്ല ബഹുമതിക്ക് അര്‍ഹത നേടിയത്. ക്ഷയരോഗ ബാധിതനായ ഒരു വ്യക്തിയുമായി സമ്പര്‍ക്കത്തില്‍ വരുന്ന ഒരാളുടെ ശരീരത്തില്‍ ക്ഷയരോഗാണു പ്രവേശിക്കുന്ന ഉടന്‍ തന്നെ ആ വ്യക്തി രോഗബാധിതനാകണമെന്നില്ല. രോഗാണു വര്‍ഷങ്ങളോളം ആ വ്യക്തിയുടെ ശരീരത്തില്‍ ലക്ഷണങ്ങള്‍ കാണിക്കാതെ നില നില്‍ക്കുകയും വ്യക്തിയുടെ പ്രതിരോധശേഷി ഏതെങ്കിലും കാരണവശാല്‍ കുറയുമ്പോള്‍ രോഗ ബാധിതനാകുകയും ചെയ്യും. ഇത് ക്ഷയരോഗ നിര്‍മാര്‍ജനത്തിലെ വലിയൊരു വെല്ലുവിളിയാണ്.
എന്നാല്‍ രോഗാണു ശരീരത്തില്‍ പ്രവേശിച്ചു ഒളിഞ്ഞിരിക്കുന്ന സമയത്ത് തന്നെ രോഗാണുക്കളെ കണ്ടെത്തി പ്രതിരോധ ചികിത്സ ആരംഭിക്കുകയാണ് ‘ജീത്ത്’ ലൂടെ ചെയ്യുന്നത്. അതുകൊണ്ട് തന്നെ ക്ഷയരോഗ നിര്‍മാര്‍ജനത്തില്‍ നിര്‍ണായക പങ്കാണ് ഈ നേട്ടത്തിലൂടെ ജില്ല കൈവരിക്കുന്നത്. ഈ നേട്ടം സ്ഥായിയായി നിലനിര്‍ത്താന്‍ എല്ലാ ശ്രമവും നടത്തുമെന്നും ഇതിനായി പൊതുജനങ്ങളുടെ പരിപൂര്‍ണ സഹകരണം ഉണ്ടാകണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. എ.വി.രാംദാസ്, ജില്ലാ ടി.ബി ഓഫീസര്‍ ഡോ.എ.മുരളീധര നല്ലൂരായ എന്നിവര്‍ അറിയിച്ചു.