കുടപ്പനക്കുന്ന് കളക്ടറേറ്റിൽ തിരുവനന്തപുരം ജില്ലാ റവന്യൂ ഡിപ്പാർട്ട്‌മെന്റ് എംപ്ലോയീസ് സഹകരണസംഘത്തിന്റെ ഓണച്ചന്ത ആരംഭിച്ചു. ഓണച്ചന്തയുടെ ഉദ്ഘാടനം വി.കെ പ്രശാന്ത് എം.എൽ.എ നിർവഹിച്ചു. കളക്ടറേറ്റ് ജീവനക്കാരി സതിക്ക് 1,320 രൂപയുടെ ഭക്ഷ്യക്കിറ്റ് എം.എൽ.എ കൈമാറി.
ഓണക്കാലത്ത് അവശ്യവസ്തുക്കളുടെ വിലവർധന തടയുന്നതിനാവശ്യമായ ഇടപെടലുകൾ സർക്കാർ നടത്തുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. വിപണിവിലയിൽ നിന്നും കുറഞ്ഞ നിരക്കിലാണ് ഭക്ഷ്യവസ്തുക്കൾ ഓണച്ചന്തയിലൂടെ ലഭ്യമാക്കുന്നത്.
ജയ അല്ലെങ്കിൽ മട്ട അരി അഞ്ച് കിലോയ്ക്ക് 125 രൂപ, ജയ സോർട്ടെക്‌സ് രണ്ട് കിലോ 90 രൂപ, പച്ചരി രണ്ട് കിലോ 46 രൂപ, വൻപയർ അരക്കിലോ 23 രൂപ എന്നിങ്ങനെയാണ് വില ഈടാക്കുന്നത്. വെളിച്ചെണ്ണ, ചെറുപയർ, സമ്പാർ പരിപ്പ്, പായസം മിക്‌സ്, അട, ശർക്കര, തേയില ഉൾപ്പെടെ 25 ഇനം സാധനങ്ങൾ ഉൾപ്പെടുന്നതാണ് കിറ്റ്. കളക്ടറേറ്റ് കോമ്പൗണ്ടിൽ നടന്ന ചടങ്ങിൽ അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് അനിൽ ജോസ്.ജെ, സഹകരണസംഘം പ്രസിഡന്റ് ജി.ഉല്ലാസ് കുമാർ, സെക്രട്ടറി ആർ.സന്തോഷ് കുമാർ, ജീവനക്കാർ എന്നിവരും സന്നിഹിതരായിരുന്നു