ഓണം വിപണിയിൽ ന്യായവിലയിൽ വിഷരഹിത പച്ചക്കറികളും മറ്റ് ഉത്പ്പന്നങ്ങളും എത്തിച്ച് പൊലിമ പുതുക്കാടിന്റെ മൂന്നാംഘട്ട പ്രവർത്തനങ്ങൾ ലക്ഷ്യപ്രാപ്തിയിലേക്ക്. കൃഷിയുടെ മണ്ഡലംതല വിളവെടുപ്പ് ഉദ്ഘാടനം കെ കെ രാമചന്ദ്രൻ എം എൽ എ നിർവഹിച്ചു. ഓണത്തിന് മുന്നോടിയായി എല്ലാ പഞ്ചായത്തുകളിലും പൊലിമ ചന്തകൾ ആരംഭിക്കുകയാണ് ലക്ഷ്യം.

അയൽക്കൂട്ടങ്ങൾ, കുടുംബശ്രീ തുടങ്ങി വിവിധ കൂട്ടായ്മകളുടെ ഭാഗമായി നാൽപ്പതിനായിരത്തോളം സ്ത്രീകളാണ് മൂന്നാം വട്ടവും പൊലിമ പുതുക്കാടിന്റെ ഭാഗമായി കൃഷി ഇറക്കിയിരിക്കുന്നത്. വിവിധതരം നാടൻ പച്ചക്കറികൾക്ക് പുറമെ വ്യാപകമായി കൃഷി ചെയ്ത ചെണ്ടുമല്ലിയും ഇത്തവണ വിജയം കൊയ്തു.
നെന്മണിക്കര പഞ്ചായത്തിലെ പുലക്കാട്ടുകരയിൽ സംഘടിപ്പിച്ച പരിപാടിയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി എസ് ബൈജു അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് അംഗങ്ങളായ വി എസ് പ്രിൻസ്, ജോസഫ് ടാജറ്റ്‌, ബ്ലോക്ക്‌ – ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, കൃഷി ഓഫീസർ, തലോർ ബാങ്ക് പ്രസിഡന്റ് എം കെ സന്തോഷ്, കുടുംബശ്രീ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു. ഇന്ന് (ഓഗസ്റ്റ് 24) വൈകിട്ട് നാലിന് പൊലിമ ഓണചന്തയുടെ മണ്ഡലംതല ഉദ്ഘാടനം പുതുക്കാട് നടക്കും.