ഓണം വിപണി ലക്ഷ്യമിട്ട് മട്ടന്നൂര്‍ നഗരസഭയിലെ പച്ചക്കറി ക്ലസ്റ്റര്‍ കൃഷി ചെയ്ത അഞ്ചേക്കറിലെ പച്ചക്കറി വിളവെടുത്തു. എട്ട് ക്വിന്റല്‍ പച്ചക്കറിയാണ് വിളവെടുത്തത്. വിളവെടുപ്പ് ഉദ്ഘാടനം നഗരസഭാ ചെയര്‍മാന്‍  എന്‍ ഷാജിത്ത് മാസ്റ്റര്‍ നിര്‍വഹിച്ചു. നഗരസഭയിലെ എളന്നൂരില്‍ സമൃദ്ധി പച്ചക്കറി ക്ലസ്റ്ററിന്റെ നേതൃത്വത്തില്‍ എന്‍ രാജീവന്‍, എന്‍ അഷ്റഫ്, കെ ശ്രീനിവാസന്‍, റമീസ്, പ്രസാദ് എന്നിവര്‍ ചേര്‍ന്നാണ് കൃഷിയിറക്കിയത്.

വെണ്ട, പച്ചമുളക്, പയര്‍, വെള്ളരി, താലോലി, എളവന്‍, മത്തന്‍, കക്കിരി എന്നിവയാണ് ഉള്ളത്. പാകമാകുന്ന മുറക്ക് ബാക്കിയുള്ളവ കൂടി വിളവെടുക്കും. കൃഷിവകുപ്പ്, വി എഫ് പി സി കെ, കുടുംബശ്രീ എന്നിവയുടെ ഓണചന്തകളില്‍ ഇവ വില്‍പന നടത്തും.
ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷന്‍ കെ. മജീദ് അധ്യക്ഷനായി. കൗണ്‍സിലര്‍മാരായ കെ അഭിനേഷ്, ഒ കെ സ്‌നേഹ, കെ ഉമൈബ, മട്ടന്നൂര്‍ കൃഷി ഓഫീസര്‍ പി സുഗിന തുടങ്ങിയവര്‍ സംബന്ധിച്ചു.