പ്രാഥമിക സഹകരണ ബാങ്കുകൾക്കും കോപ്പറേറ്റ് സ്ഥാപനങ്ങൾക്കുമുള്ള കേരള ബാങ്കിന്റെ മൊബൈൽ ബാങ്കിങ് അപ്ലിക്കേഷനായ കെ.ബി പ്രൈം പ്ലസ് ജില്ലാതല ഉദ്ഘാടനം പി. ഉബൈദുള്ള എം.എൽ.എ നിർവഹിച്ചു. ഡിജിറ്റൽ ബാങ്കിങ് രംഗത്തേക്കുള്ള കേരള ബാങ്കിന്റെ ചുവടുവെപ്പാണ് കെ.ബി പ്രൈം ആപ്. ഉപഭോക്താക്കൾക്കായി കെ.ബി പ്രൈമും സഹകരണ സ്ഥാപനങ്ങൾക്കായി കെ.ബി പ്രൈം പ്ലസ് ആപ്പുമാണ് പുറത്തിറക്കിയിട്ടുള്ളത്.

യു.പി.ഐ കോർ ബാങ്കിങ് സേവനങ്ങളടക്കം വാണിജ്യ ബാങ്കുകൾ നൽകുന്ന എല്ലാ ഡിജിറ്റൽ സേവനങ്ങളും ആപ് വഴി ലഭ്യമാകും. മേക്കർ, ചെക്കർ സംവിധാനത്തിലൂടെ കേരളത്തിലെ മുഴുവൻ സഹകരണ സ്ഥാപനങ്ങൾക്കും എവിടെ നിന്നും മൊബൈൽ ഫോൺ വഴി എളുപ്പം ഇടപാടുകൾ നടത്താൻ സാധിക്കുമെന്നതാണ് ഈ സംവിധാനത്തിന്റെ പ്രത്യേകത. ഇതിനായി അക്കൗണ്ടുള്ള സ്ഥാപനങ്ങൾക്ക് നിർദിഷ്ട അപേക്ഷയോടൊപ്പം ഭരണസമിതി തീരുമാനത്തിന്റെ പകർപ്പ് എന്നിവ ബാങ്കിൽ സമർപ്പിച്ചാൽ സംവിധാനം ലഭ്യമാകും.

മലപ്പുറം കേരള ബാങ്ക് ബ്രാഞ്ച് ഓഫീസിൽ നടന്ന പരിപാടിയിൽ പാലക്കാട് റീജിയനൽ മാനേജർ എം.പി ഷിബു അധ്യക്ഷത വഹിച്ചു. മലപ്പുറം നഗരസഭാ ചെയർമാൻ മുജീബ് കാടേരി, ഫിനാൻഷ്യൽ ലിറ്ററസി കൗൺസലർ സയ്യിദ് ഫസൽ അലി, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ഉസ്മാൻ പരി, കേരള ബാങ്ക് ഡി.ജി.എം ദീപ ജോസ്, ഡെപ്യൂട്ടി ജനറൽ മാനേജർ എം.കെ ഉപാന്ദ്രൻ, ഏരിയാ മാനേജർ സി.ഐ ജെർലിൻ എന്നിവർ സംസാരിച്ചു.