വോട്ടര്‍ പട്ടികയില്‍ യുവ വോട്ടര്‍മാരുടെ പ്രാതിനിധ്യം വര്‍ധിപ്പിക്കുന്നതിനും വിദ്യാർഥികളിൽ ജനാധിപത്യ ബോധം വളർത്തിയെടുക്കുന്നതിനുമായുള്ള പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സ്വീപ് മലപ്പുറവും മുണ്ടുപറമ്പ് ഗവ. കോളജിലെ ഇലക്ടറൽ ലിറ്ററസി ക്ലബും (ഇ.എൽ.സി) സംയുക്തമായി മെഗാ തിരുവാതിര സംഘടിപ്പിച്ചു. കോളേജ് അങ്കണത്തിൽ നടന്ന പരിപാടി ജില്ലാ കളക്ടർ വി.ആർ പ്രേംകുമാർ ഉദ്ഘാടനം ചെയ്തു. ജില്ലയിൽ മികച്ച പ്രവർത്തനം കാഴ്ചവെച്ച ബൂത്ത് ലെവൽ ഓഫീസർമാർക്കുള്ള ഉപഹാര വിതരണവും ജില്ലാ കളക്ടർ നിർവഹിച്ചു. കോളജ് പ്രിൻസിപ്പൽ ഡോ. കദീജ അധ്യക്ഷത വഹിച്ചു.
മലയാളികളുടെ ഏറ്റവും വലിയ ആഘോഷമായാണ് ഓണത്തെ കാണുന്നത്. ഇത്തരത്തിൽ ഏറെ ആഘോഷിക്കപ്പെടേണ്ടതാണ് ജനാധിപത്യ രാജ്യത്തെ തെരഞ്ഞെടുപ്പ് പ്രക്രിയകൾ എന്ന് ബോധ്യപ്പെടുത്തുകയാണ് പരിപാടിയുടെ ലക്ഷ്യമെന്ന് ജില്ലാ കളക്ടർ പറഞ്ഞു. ഏറനാട് ഡപ്യൂട്ടി തഹിസിൽദാർ സി.എ ഷൈജു, ഇ.എൽ.സി നോഡൽ ഓഫീസർ എ. വേണുഗോപാലൻ, ഇ.എൽ.സി കോർഡിനേറ്റർ ഡോ. കെ. അബ്ദുൽസലാം, കോളജ് യൂണിയൻ ഫൈൻ ആർട്‌സ് സെക്രട്ടറി ഷഹർബാൻ എന്നിവർ സംസാരിച്ചു. ജില്ലയിലെ മികച്ച ബൂത്ത് ലെവൽ ഓഫീസർമാരായി തെരഞ്ഞെടുക്കപ്പെട്ട സുധീർ കുമാർ, ഇബ്രാഹിം, ഹോം ടു ഹോം സന്ദർശനം പൂർത്തിയാക്കിയ നിലമ്പൂർ താലൂക്കിലെ പി.എച്ച് ആമിന, വി. നൗഷാദലി, എ.എം സാദിഖ്, വി.പി ഇന്ദിര, തിരൂർ താലൂക്കിലെ സുധീർകുമാർ എന്നിവർക്ക് ചടങ്ങില്‍ വെച്ച് ഉപഹാരം വിതരണം ചെയ്തു.