വോട്ടർ പട്ടികയിൽ യുവവോട്ടർമാരുടെ പ്രാതിനിധ്യം വർധിപ്പിക്കാനുള്ള സ്വീപ് പ്രവർത്തനങ്ങളുടെ ഭാഗമായി ഇരിങ്ങാലക്കുട സെന്റ് ജോസഫ് കോളജിൽ മെഗാ തിരുവാതിര അരങ്ങേറി. ജില്ലാ തെരഞ്ഞെടുപ്പ് വിഭാഗത്തിന്റെയും ഇലക്ടറൽ ലിറ്ററസി ക്ലബ്ബിന്റെയും നേതൃത്വത്തിലാണ് പരിപാടി നടത്തിയത്. ഉദ്ഘാടനം ഇരിങ്ങാലക്കുട ആർ ഡി ഒ ഷാജി എം കെ നിർവഹിച്ചു.
കോളജ് ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന മെഗാ തിരുവാതിരയിൽ മുന്നൂറോളം വിദ്യാർഥികൾ പങ്കെടുത്തു. സ്വീപ് ഓണാഘോഷത്തിന്റെ ഭാഗമായി വർണാഭമായ പൂക്കളവും വിദ്യാർഥികൾ ഒരുക്കിയിരുന്നു.തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യേണ്ടത് ഓരോ പൗരന്റെയും അവകാശമാണെന്ന ബോധവും വോട്ടർപട്ടികയിൽ പേര് ചേർക്കുന്നതിന്റെ പ്രാധാന്യവും വിദ്യാർഥികളിലേക്ക് എത്തിക്കുകയാണ് ലക്ഷ്യം. പ്രത്യേക വോട്ടർപട്ടിക പുതുക്കൽ യഞ്ജത്തിന്റെ പ്രചരണത്തിന്റെ ഭാഗമായി അവബോധം നൽകി.
തൃശൂർ ഡെപ്യൂട്ടി കളക്ടർ (ഇലക്ഷൻ) ജ്യോതി എം സി, മുകുന്ദപുരം തഹസിൽദാർ ശാന്തകുമാരി, പ്രിൻസിപ്പൽ ഡോ. സിസ്റ്റർ ബ്ലെസി തുടങ്ങിയവർ സന്നിഹിതരായിരുന്നു.